പി. വിജയനെ തിരിച്ചെടുത്തു; പരിശീലന വിഭാഗം ഐജി
തിരുവനന്തപുരം: ഐജി പി. വിജയന്റെ സസ്പെൻഷൻ പിൻവലിച്ചു. പോലീസ് ആസ്ഥാനത്ത് പരിശീലന വിഭാഗം ഐജിയായിട്ടാണ് നിയമനം. അതേസമയം, ഐജിക്കെതിരെയുള്ള വകുപ്പുതല അന്വേഷണം തുടരും. കഴിഞ്ഞമാസം എട്ടിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സസ്പെൻഷൻ റിവ്യൂ സമിതി വിജയനെ തിരിച്ചെടുത്താൽ അത് അന്വേഷണത്തിന് തടസമാവില്ലെന്നു മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫയൽ വിശദമായി പരിശോധിച്ച മുഖ്യമന്ത്രി, നീണ്ട ഇടവേളയ്ക്ക് ശേഷം വിജയനെ പോലീസ് സർവ്വീസിൽ മടങ്ങി വരാൻ അനുവദിക്കുകയായിരുന്നു.
എലത്തൂർ തീവണ്ടി തീവെപ്പ് കേസ് പ്രതിയുടെ വിവരം ഒരു ദൃശ്യ മാധ്യമം സംപ്രേക്ഷണം ചെയ്തതിൽ സുരക്ഷാ വീഴ്ചയുണ്ടായി എന്ന ഉന്നതതല റിപ്പോർട്ട് കണക്കിലെടുത്ത് മേയ് 18ന് വിജയനെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.
സസ്പെൻഷന് ഇടയാക്കിയ ആരോപണങ്ങൾ വിജയൻ നിഷേധിച്ചെങ്കിലും അക്കാര്യം സർക്കാർ മുഖംവിലയ്ക്കെടുത്തില്ല. അതേസമയം, കാര്യങ്ങൾ രേഖാമൂലം വിശദീകരിക്കാൻ വിജയന് അവസരമൊരുക്കുകയും ചെയ്തു. ഇതിന്മേലാണ് സസ്പെൻഷൻ റിവ്യൂ സമിതി തീരുമാനം കൈക്കൊണ്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here