വിഎസിന്റെ മകനെ ഐഎച്ച്ആർഡി ഡയറക്ടറാക്കാൻ അഭിമുഖം അട്ടിമറിച്ചെന്ന് ആരോപണം; ഇന്റർവ്യുബോര്‍ഡ് അംഗങ്ങളെ വിസിമാരാക്കാൻ സര്‍ക്കാര്‍ ശുപാര്‍ശയും

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മകൻ വി.എ.അരുൺ കുമാറിന് വേണ്ടി ഐഎച്ച്ആർഡി ഡയറക്ടര്‍ അഭിമുഖം അട്ടിമറിച്ചെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി രംഗത്ത്. ഡയറക്ടര്‍ നിയമനത്തിന് യോഗ്യതയില്ലാത്ത അരുണ്‍ കുമാറിന് അഭിമുഖത്തില്‍ ഒന്നാം റാങ്ക് നല്‍കി എന്നാണ് ആരോപണം. ആറാം റാങ്ക് ആണ് അരുണ്‍ കുമാറിന് നല്‍കിയിരുന്നത്. എന്നാല്‍ സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങി ഒന്നാം റാങ്ക് നല്‍കുകയായിരുന്നു എന്നാണ് ആരോപണം.

അരുൺ കുമാറിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഈ മാസം 23ന് ഹൈക്കോടതി വാദം കേൾക്കാനിരിക്കുകയാണ്. അരുൺ കുമാറിന് ഡയറക്ടർ തസ്തികയ്ക്ക് നിശ്ചയിച്ച യോഗ്യതകളില്ലെന്ന് എഐസിടിഇ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് അഭിമുഖത്തിലെ ഈ അട്ടിമറി എന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

ഐഎച്ച്ആർഡിയിൽ ഉയര്‍ന്ന തസ്തികകള്‍ക്ക് ഏഐസിടിഇ സ്കീമും ശമ്പളവും നടപ്പാക്കിയിരുന്നു. അതിനാല്‍ നിയമനങ്ങള്‍ക്ക് നിശ്ചിത യോഗ്യത വേണം. ഈ യോഗ്യത അരുണ്‍ കുമാറിന് ഇല്ലാത്തതിനാലാണ് അഭിമുഖത്തില്‍ ആറാം റാങ്ക് നല്‍കിയത്. അതേസമയം അരുൺ കുമാറിന് ഒന്നാം റാങ്ക് നൽകിയ ഇന്റർവ്യു ബോർഡിലെ വിദഗ്ധ അംഗങ്ങളായ ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി, സങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, എന്നിവരെ സാങ്കേതിക സർവകലാശാലയുടെയും, ഡിജിറ്റൽ സർവ്വകലാശാലയുടെയും വിസിമാരായി നിയമിക്കാൻ ശുപാർശ ചെയ്തുകൊണ്ടുള്ള കത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് ഇന്ന് നൽകിയിട്ടുണ്ട്.

അടുത്തിടെ അന്തരിച്ച ഒരു സിപിഎം നേതാവിന്റെ അഭിലാഷം കണക്കിലെടുത്താണ് ഐഎച്ച്ആര്‍ഡിയിലെ യോഗ്യതയുള്ളവരെ ഒഴിവാക്കി അരുൺ കുമാറിന് നിയമനം നൽകുന്നതെന്നും സിപിഎം ബന്ധമുള്ളവര്‍ക്ക് സർവകലാശാലകളിൽ അസിസ്റ്റൻറ് പ്രൊഫസർമാരായി നിയമനംനൽകിയതിന് സമാനമായാണ് സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തി ഐഎച്ച്ആർഡി ഡയറക്ടറെ നിയമിക്കുവാനുള്ള സർക്കാർ നീക്കമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top