ഗവര്‍ണറെ അധിക്ഷേപിച്ച് ഐഎച്ച്ആര്‍ഡി ഉന്നതന്‍ ഫേസ്ബുക്കില്‍; അച്ചു ഉമ്മനോട് മാപ്പ് പറഞ്ഞ് തലയൂരിയ കെ നന്ദകുമാര്‍ ഇത്തവണ മുട്ടുന്നത് സംസ്ഥാന തലവനോട്

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച് ഇടത് സംഘടന നേതാവായ ഐഎച്ച്ആര്‍ഡി ഉന്നതന്‍. ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.നന്ദകുമാറാണ് മോശം ഭാഷയില്‍ ഗവര്‍ണറെ വിമര്‍ശിച്ചും പരിഹസിച്ചും പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. ശിഖണ്ഡി, സങ്കിസ് ഖാന്‍, തെരുവ് ഗുണ്ട, വെറ്ററന്‍ ഗുണ്ട തുടങ്ങിയ പദ പ്രയോഗങ്ങളാണ് ഗവര്‍ണര്‍ക്കെതിരെ നന്ദകുമാര്‍ ഉപയോഗിച്ചിരിക്കുന്നത്. സര്‍വ്വകലാശാല വിഷയത്തിലും എസ്എഫ്ഐയുമായുള്ള തര്‍ക്കത്തിലുമെല്ലാം മോശമായ ഭാഷയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ മോശം പരാമര്‍ശം പങ്കുവച്ചതിന് പോലീസ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനാണ് നന്ദകുമാര്‍. അന്ന് മാപ്പ് പറഞ്ഞ് പോസ്റ്റിട്ട് തടിയൂരാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.

ഇടതു സര്‍വ്വീസ് സംഘടനയുടെ പ്രധാന നേതാവായിരുന്നു കെ.നന്ദകുമാര്‍. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കുകയായിരുന്നു. ഈ ഇടതു ബന്ധം കാരണമാണ് സര്‍വ്വീസ് ചട്ടം ലംഘിച്ച് അച്ചു ഉമ്മനെതിരായ മോശം പരാമര്‍ശം നടത്തിയിട്ടും ഐഎച്ച്ആര്‍ഡി ഒരു നടപടിയും എടുക്കാതിരുന്നത്. എന്നാല്‍ ഇത്തവണ കൂടുതല്‍ ഗുരുതരമായ പെരുമാറ്റ ചട്ടലംഘനമാണ് നന്ദകുമാര്‍ ഗവര്‍ണര്‍ക്കെതിരായ മോശം പരാമര്‍ശത്തില്‍ നടത്തിയിരിക്കുന്നത്.

രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളാണ് നന്ദകുമാര്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ നന്ദകുമാര്‍ കൊളത്താപ്പിള്ളി എന്ന അക്കൗണ്ടില്‍ നിന്നാണ് ഗവര്‍ണര്‍ക്കെതിരായ മോശം പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ അച്ചു ഉമ്മനെതിരെ മോശം പരാമര്‍ശം നടത്തിയതും മാപ്പ് പറഞ്ഞതും ഇതേ പ്രൊഫൈലില്‍ നിന്നായിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിനെ സംബന്ധിച്ച ചോദ്യങ്ങളോട് ഒന്നും പ്രതികരിക്കാനില്ലെന്നാണ് നന്ദകുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. ഐഎച്ച്ആര്‍ഡിയുടെ ലാന്റ് ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോഴാണ് നന്ദകുമാറിന്റെ പ്രതികരണം. അച്ചു ഉമ്മനെതിരായ പരാമര്‍ശത്തില്‍ ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് അന്ന് പോലീസ് കേസെടുത്തത്. അതുകൊണ്ട് തന്നെ അറസ്റ്റ് അടക്കമുളളവയില്‍ നിന്ന് നന്ദകുമാര്‍ രക്ഷപ്പെട്ടു. ആ പരാതിയില്‍ അന്വേഷണം കാര്യമായി നടന്നതുമില്ല. എന്നാല്‍ ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഏറെ ഗൗരവമാണ് എന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തല്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here