സസ്‌പെൻഷന്‍റെ കാരണമറിയില്ല, ഐഐപിഎസിലേക്ക് ഇനി മടക്കമില്ല; ഡോ.ജയിംസ് മാധ്യമ സിൻഡിക്കറ്റിനോട്

സോന ജോസഫ്‌

ഡല്‍ഹി: ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയൻസസ് (ഐഐപിഎസ്) ഡയറക്ടർ കെ.എസ് ജയിംസിൻ്റെ രാജിക്ക് ശേഷം അദ്ദേഹത്തിൻ്റെ സസ്പെൻഷൻ പിൻവലിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ അത്യപൂർവ നീക്കം. കഴിഞ്ഞ ജൂലൈയിൽ ആണ് ജയിംസിനെ സസ്പെൻഡ് ചെയ്ത ഉത്തരവ് ഇറങ്ങിയത്. സ്ഥാപനത്തിലെ റിക്രൂട്ട്മെൻ്റ് നടപടികളിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. തൊട്ടുപിന്നാലെ ഓഗസ്റ്റ് ഏഴിന് അദ്ദേഹം രാജി സമർപ്പിച്ചു. രണ്ട് മാസത്തിന് ശേഷം ഒക്ടോബർ 11നാണ് സസ്പെൻഷൻ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് വരുന്നത്.

രാജി ഔദ്യോഗികമായി അംഗീകരിച്ചു കൊണ്ടുള്ള തീരുമാനം വന്നതിന് പിന്നാലെയാണ് ഈ നടപടി എന്നതാണ് ശ്രദ്ധേയം. ദാരിദ്ര്യ നിർമാർജനം സംബന്ധിച്ച കേന്ദ്ര സർക്കാരിൻ്റെ പല അവകാശ വാദങ്ങളും തെറ്റാണെന്ന് സ്ഥാപിക്കുന്ന സ്ഥിതിവിവര കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ സസ്പെൻഷൻ ഉണ്ടായത്. അതിനു മുൻപ് രാജി ചോദിച്ചു വാങ്ങാൻ ശ്രമം ഉണ്ടായിരുന്നു. തന്നെ സസ്പെന്‍ഡ് ചെയ്തതിന്റെയും ഇപ്പോൾ നടപടി പിൻവലിച്ചതിൻ്റെയും കാരണം അറിയില്ലെന്ന് അദ്ദേഹം വിയന്നയിൽ നിന്ന് മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചു.

ഡോ. ജയിംസിന്‍റെ നേതൃത്വത്തില്‍ നടത്തിയ 2019-21ലെ ദേശീയ കുടുംബാരോഗ്യ സർവേയില്‍ (എന്‍എഫ്എച്എസ്‌-5) ദാരിദ്ര്യ നിർമാർജ്ജനം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ വാദങ്ങൾ പൊളിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വെളിയിട വിസര്‍ജ്ജനം രാജ്യത്ത് പൂര്‍ണമായി ഇല്ലാതായെന്നും എല്ലാ വീടുകളിലും ശൗചാലയം ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോൾ, 19% കുടുംബങ്ങള്‍ക്ക് ഇപ്പോഴും ആ സൗകര്യമില്ലെന്നാണ് ഡോ ജെയിംസിൻ്റെ നേതൃത്വത്തിൽ നടത്തിയ കുടുംബാരോഗ്യ സര്‍വേയിലൂടെ വെളിവായത്. ലക്ഷദ്വീപ് മാത്രമായിരുന്നു 100 ശതമാനം ഈ നേട്ടത്തിലെത്തിയത്. പിന്നാലെ, സർവേയെ തള്ളി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഇക്കണോമിക് അഡ്വൈസറി കൗൺസിൽ അംഗം ഷമിക രവി സർവേ തെറ്റാണെന്ന് ലേഖനം എഴുതുകയും ചെയ്തു.

വര്‍ഷം തോറും അനീമിയ (വിളര്‍ച്ചാരോഗം) ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായെന്ന ഐഐപിഎസിന്‍റെ കണ്ടെത്തല്‍ രാജ്യത്ത് വിളര്‍ച്ചാരോഗം തുടച്ചുനീക്കിയെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ വാദത്തെ ചോദ്യം ചെയ്യുന്നത് ആയിരുന്നു. ഗുജറാത്ത് പോലുള്ള ചില സംസ്ഥാനങ്ങളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടിയതും സര്‍ക്കാറിന്‍റെ അപ്രീതിക്ക് കാരണമായി. ഗ്രാമങ്ങളില്‍ ഇപ്പോഴും പാചകവാതക ലഭ്യത കുറവാണെന്നും സർവേ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

2018ലാണ് ഡോ ജയിംസ്‌ ഐഐപിഎസിന്‍റെ ഡയറക്ടര്‍ ആയി ചുമതലയേറ്റത്. ഈ വര്‍ഷം മെയില്‍ ആണ് ജയിംസിനെതിരെ നിയമന ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് വസ്തുതാന്വേഷണ സമിതിയെ രൂപികരിച്ചത്. ജയിംസിനെ ഐഐപിഎസ്‌ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാന്‍ മന്ത്രാലയം കരുതിക്കൂട്ടി നിയോഗിച്ചതാണ് വസ്തുതാന്വേഷണ സമിതി എന്ന് സൂചനകൾ ഉണ്ടായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് സമിതി ഇതുവരെ ഐഐപിഎസിന് നല്‍കിയിട്ടില്ല.

സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരികെ പോകാൻ ഉദ്ദേശ്യമില്ല. രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്. അത്തരമൊരു അന്തരീക്ഷത്തില്‍ ഇനി തുടരാനാവില്ല. നിലവിൽ വിയന്നയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അപ്ലൈഡ് സിസ്റ്റംസ് അനാലിസിസിൽ (ഐഐഎസ്എ) വിസിറ്റിംഗ് ഫെലോയാണ്. ഭാവി പരിപാടികൾ ഇനിയും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കോട്ടയം പാല സ്വദേശിയായ ഡോ. ജയിംസ്‌, ജെഎന്‍യു, ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചേയ്ഞ്ച് എന്നിവിടങ്ങളില്‍ പ്രഫസര്‍ ആയിരുന്നു. ഹാര്‍വഡ് യുണിവേഴ്സിറ്റി, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്‌ എന്നിവിടങ്ങളില്‍ വിസിറ്റിങ്ങ് ഫെലോ ആണ്.

ഡോ കെ എസ് ജയിംസിനെതിരെയുള്ളത് കേന്ദ്ര സർക്കാരിൻ്റെ പ്രതികാര നടപടിയാണെന്ന് ആരോപിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top