ദേശീയ പാതകളില്‍ മരണം വിതച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗം; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് ഡല്‍ഹി ഐഐടി

ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം ഇന്ത്യൻ ഹൈവേകളിൽ മരണം വിതയ്ക്കുന്നുവെന്ന് പഠനങ്ങള്‍. ചുവപ്പ് സിഗ്നല്‍ ലംഘിച്ചാലുള്ള അപകടങ്ങളെക്കാള്‍ നാലിരട്ടി മരണങ്ങള്‍ക്കാണ് മൊബൈല്‍ ഫോണ്‍ വിളികള്‍ കാരണമാകുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. തെറ്റായ വശത്തുകൂടെയുള്ള വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍, തുടങ്ങിയതെല്ലാം പത്ത് ശതമാനത്തോളം മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ദേശീയ പാതകളിലെ മരണങ്ങളിൽ 75 ശതമാനവും അമിതവേഗത മൂലമാണെന്ന് ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) യിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍ നടന്ന 15-ാമത് വേള്‍ഡ് കോണ്‍ഗ്രസ് ഓണ്‍ ഇൻജുറി പ്രിവൻഷൻ ആൻഡ് സേഫ്റ്റി പ്രൊമോഷനിലാണ് പഠനം അവതരിപ്പിച്ചത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 2022ൽ സിഗ്നല്‍ ലൈറ്റുകള്‍ ലംഘിച്ചത് കാരണമുള്ള അപകടങ്ങളില്‍ മരിച്ചത് 271 പേരാണ്. എന്നാല്‍ മൊബലില്‍ സംസാരിച്ചുള്ള അപകടങ്ങളില്‍ മരണം 1132 ആണ്. ഇത് ട്രാഫിക് സിഗ്നല്‍ ലംഘിച്ചതിനെ തുടര്‍ന്നുള്ള മരണങ്ങളെക്കാള്‍ 4.8 മടങ്ങ് അധികമാണിത്.

ദേശീയപാതകളിൽ റെഡ് സിഗ്നല്‍ ലംഘനങ്ങള്‍ 271 മരണങ്ങൾക്ക് കാരണമായി, അതേസമയം മൊബൈൽ ഫോൺ ഉപയോഗം 1,132 മരണങ്ങളാണ് വരുത്തിവച്ചത്. ഇത് 4.1 മടങ്ങ് കൂടുതലാണ്. 2021-ലും മൊബൈൽ ഫോൺ ഉപയോഗം 1,040 റോഡ് മരണങ്ങൾക്ക് കാരണമായി,  റെഡ് സിഗ്നല്‍ ലംഘിക്കുന്നത് മൂലമുണ്ടാകുന്ന 222 മരണങ്ങളേക്കാൾ 4.8 മടങ്ങ് കൂടുതലാണിത്. 2021ല്‍ റോഡിലെ മൊബൈൽ ഫോൺ ഉപയോഗം കാരണം അപകടത്തില്‍ മരിച്ചത് 1,040 പേരാണ്. ട്രാഫിക് സിഗ്നല്‍ മറികടന്നപ്പോഴുള്ള മരണം 222 ആണ്. ഇതും 4.8 മടങ്ങ് കൂടുതലാണ്.

ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ റോഡ്‌ നിയമങ്ങളും ഇവര്‍ വിശകലനം ചെയ്തു. കാനഡയില്‍ നിയമങ്ങള്‍ കര്‍ക്കശമാണ്. അത് അപകടനിരക്ക് കുറച്ചിട്ടുണ്ട്. ഇന്ത്യയില്‍ തുടര്‍ച്ചയായ നിയമലംഘനങ്ങളാണ് അപകടത്തിലേക്ക് നയിക്കുന്നത്.

രാജ്യവ്യാപകമായി ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെൽമെറ്റും കാര്‍ യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാണ്. എന്നാൽ ഇന്ത്യന്‍ ഹൈവേകളില്‍ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത് 2022ല്‍ മാത്രം മരിച്ചത് 50,000 പേരാണ്. ഇതില്‍ 71 ശതമാനം പേര്‍ ബൈക്ക് യാത്രികരാണ്. 29 ശതമാനം പിന്‍സീറ്റ് യാത്രക്കാരാണ്. സീറ്റ് ബെല്‍റ്റ്‌ ധരിക്കാതെയുള്ള അപകടത്തില്‍ മരിച്ചത് 16,000 പേരാണ്. ഇതില്‍ 50.2 ശതമാനം ഡ്രൈവർമാരും 49.8 ശതമാനം യാത്രക്കാരുമാണ്.

അമിത വേഗവും റോഡിൻ്റെ തെറ്റായ വശത്തുകൂടിയുള്ള വാഹനമോടിക്കുന്നതുമാണ് ദേശീയ പാതകളിലെ അപകട മരണങ്ങളുടെ മറ്റൊരു പ്രധാന കാരണം. 2022ലെ 61,038 മരണങ്ങളിൽ 3,544 പേരുടെ മരണത്തിന് കാരണം ഇതാണ്. മദ്യപിച്ച് വാഹനം ഓടിച്ചത് കാരണമുള്ള അപകടങ്ങളില്‍ മരിച്ചത് 1503 പേരാണ്.

ഉപരിത ഗതാഗത മന്ത്രാലയത്തിൻ്റെ 2023-24 വാർഷിക റിപ്പോർട്ടില്‍ 2022-ൽ 1,68,000 റോഡപകട മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, 2021-ലെ 1,53,000 മരണങ്ങളിൽനിന്നുമുള്ള വലിയ വര്‍ധനവാണ് പുതിയ കണക്കിലുള്ളത്. സമ്മേളനത്തിൽ പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2021ൽ ഇന്ത്യൻ റോഡുകളിലെ അപകടങ്ങളില്‍ പൊലിഞ്ഞതില്‍ 45 ശതമാനവും ഇരുചക്രവാഹന യാത്രികരാണ്. 18 ശതമാനം കാൽനടയാത്രക്കാര്‍ക്കും മൂന്ന് ശതമാനം സൈക്ലിസ്റ്റുകള്‍ക്കും ജീവന്‍ നഷ്ടമായി.

സുരക്ഷിതമായ റോഡുകളും സുരക്ഷിതമായ വാഹനങ്ങളും ഇന്ത്യയില്‍ അത്യാവശ്യവുമാണ്. നിയമങ്ങള്‍ നടപ്പിലാക്കുന്നതിലും അത് ഉള്‍ക്കൊള്ളുന്നതിലും ഒരു സാംസ്കാരിക മാറ്റം ഇന്ത്യന്‍ റോഡുകളില്‍ വേണമെന്നാണ് ഡല്‍ഹി ഐഐടി പഠനം ചൂണ്ടിക്കാണിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top