രജനികാന്തിന്റെ ‘കൂലി’ക്കെതിരെ പരാതിയുമായി ഇളയരാജ; ലോകേഷ് കനകരാജ് ചിത്രത്തില്‍ അനുമതിയില്ലാതെ തന്റെ പാട്ട് ഉപയോഗിച്ചു

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തലൈവര്‍ 171 ന്റെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറക്കുകയും കൂലി എന്ന പേര് പ്രഖ്യാപിക്കുകയും ചെയ്തത്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി തമിഴ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ ടീസറില്‍ തന്റെ പഴയ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് സംഗീതസംവിധായകന്‍ ഇളയരാജ കൂലിയുടെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് തന്റെ ഗാനങ്ങള്‍ അനുവാദമില്ലാതെ തുടര്‍ച്ചയായി ഉപയോഗിക്കുന്നതായി വക്കീല്‍ നോട്ടീസില്‍ ഇളയരാജ ആരോപിക്കുന്നു. ലോകേഷിന്റെ മുന്‍ ചിത്രങ്ങളായ വിക്രം, ഫൈറ്റ് ക്ലബ് എന്നിവയിലും പുതിയ ചിത്രമായ കൂലിയിലും പണം നല്‍കാതെയും സമ്മതം വാങ്ങാതെയുമാണ് തന്റെ സംഗീതം ഉപയോഗിച്ചിരിക്കുന്നതെന്ന് ഇളയരാജ പറയുന്നു. കൂലിയുടെ ടൈറ്റില്‍ ടീസറില്‍ ‘വാ വാ പക്കം’ എന്ന ഇളയാരാജ പാട്ടിലെ ‘ഡിസ്‌കോ ഡിസ്‌കോ’ എന്ന ഭാഗം ഉപയോഗിച്ചിട്ടുണ്ട്. രജനികാന്ത് തന്നെ നായകനായ തങ്കമകന്‍ എന്ന ചിത്രത്തിലെ പാട്ടാണിത്. ഇതിനെതിരെയാണ് ഇളയരാജ രംഗത്തെത്തിയത്.

പാട്ട് ഉപയോഗിക്കുന്നതിന് നിര്‍മാതാക്കള്‍ ഒന്നുകില്‍ നിയമപരമായി അനുമതിയും തേടണമെന്നും അല്ലെങ്കില്‍ നിലവിലുള്ള പ്രൊമോഷണല്‍ മെറ്റീരിയലില്‍ നിന്ന് ഈ ഭാഗം നീക്കം ചെയ്യണമെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം, ലോകേഷ് കനകരാജോ കൂലിയുടെ നിര്‍മാതാക്കളോ ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top