വിലങ്ങിട്ട് കാലികളെപ്പോലെ ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് വിളിച്ചുപറഞ്ഞ് അമേരിക്ക; വീഡിയോ പുറത്തുവിട്ട് നാണംകെടുത്തി പോലീസ് മേധാവി
USBP and partners successfully returned illegal aliens to India…. ഏതെങ്കിലും ഇന്ത്യാവിരോധികൾ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ട ആക്ഷേപമല്ല ഇത്. അമേരിക്കയുടെ അതിർത്തി രക്ഷാസേനയായ ബോർഡർ പട്രോൾ സേനയുടെ (United States Border Patrol) മേധാവി മൈക്കിൾ ബാങ്ക്സ് തൻ്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞതാണ് ഇത്. പരമാവധി അധിക്ഷേപിക്കാനാണ് illegal aliens എന്ന വാക്ക് ഉപയോഗിച്ചതെന്നും വ്യക്തം.
അനധികൃത കുടിയേറ്റക്കാരെ വിശേഷിപ്പിക്കാൻ പ്രസിഡൻ്റ് ട്രംപ് സ്ഥിരമായി ഉപയോഗിക്കുന്ന illegal aliens എന്ന വാക്കാണ് ട്രംപിൻ്റെ വിശ്വസ്തൻ രാജ്യത്തെ നാണംകെടുത്താൻ പ്രയോഗിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം 104 പേരെ സൈനിക വിമാനത്തിൽ ഇന്നലെയാണ് അമേരിക്ക അമൃത്സറിൽ എത്തിച്ചത്. കൈയ്യിലും കാലിലും വിലങ്ങിട്ട്, കൊടും കുറ്റവാളികളെ പോലെ പുരുഷന്മാരെ വിമാനത്തിൽ കയറ്റുന്ന വീഡിയോ ആണ് അമേരിക്ക ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.
“അനധികൃത കുടിയേറ്റം തടയാനുള്ള സേനയുടെ നിശ്ചയദാർഢ്യത്തിന് അടിവരയിടുന്നതാണ് ഈ ദൗത്യം. അനധികൃതമായി കടന്നുകയറിയാൽ ഇതുപോലെ നിങ്ങളും പുറത്താക്കപ്പെടും”. ഇങ്ങനെയാണ് ബാങ്ക്സിൻ്റെ മുന്നറിയിപ്പ്. 2023ൽ ജോ ബൈഡനുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബോർഡർ പട്രോളിൽ നിന്ന് രാജിവച്ച് പോയ ബാങ്ക്സിനെ ഇക്കഴിഞ്ഞ മാസം ഡോണൾഡ് ട്രംപ് ആണ് തിരിച്ചെത്തിച്ച് സേനയുടെ തലപ്പത്ത് അവരോധിച്ചത്.
അനധികൃതമായി കുടിയേറുന്നവരെ അമേരിക്ക തിരിച്ചയക്കുന്നത് പുതിയ കാര്യമല്ലെന്നും 2009 മുതൽ ഇതുണ്ടെന്നും ആണ് ഇന്ന് പാർലമെൻ്റിൽ ചോദ്യം ഉയർന്നപ്പോൾ കേന്ദ്ര സർക്കാരിൻ്റെ പ്രതിരോധം. എന്നാൽ ഇത്ര മനുഷ്യത്വ രഹിതമായ ഇടപെടൽ ഇന്ത്യക്കാർക്കെതിരെ ഇതുവരെ ഉണ്ടായിട്ടില്ല എന്നതിന് പോലീസ് മേധാവിയുടെ ഈ പോസ്റ്റ് തന്നെയാണ് തെളിവ്. അതും അമേരിക്കൻ പ്രസിഡൻ്റിനെ സ്വന്തം സുഹൃത്തെന്ന് വിശേഷിപ്പിച്ച്, അടുത്തയാഴ്ച നരേന്ദ്രമോദി സന്ദർശിക്കാൻ തയ്യാറെടുക്കുമ്പോൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here