വിസി മാറുംമുന്‍പ് തിരക്കിട്ട് നിയമനങ്ങള്‍; വെറ്ററിനറി സർവകലാശാലയില്‍ നിയമിക്കുന്നത് 156 അസി. പ്രൊഫസര്‍മാരെ; ഗവര്‍ണര്‍ക്ക് പരാതി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ കൃത്രിമ തസ്തികകള്‍ സൃഷ്ടിച്ച് 156 അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് വിസിയായി ഡോ.എം.ആര്‍. ശശീന്ദ്രനാഥ് തുടരുന്നത്. വിസിയുടെ കാലാവധി ജൂണിൽ അവസാനിക്കുന്നതിന് മുമ്പ് നിയമനം നടത്താനാണ് നീക്കം-നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി കൃത്യമായി ശമ്പളം പോലും നൽകാൻ സർവകലാശാല ബുദ്ധിമുട്ടുമ്പോഴാണ് 20 കോടി രൂപയുടെ അധിക ബാധ്യതയുള്ള അധ്യാപക നിയമനങ്ങൾ നടത്തുന്നത്. സർവകലാശാലയുടെ പ്രോ ചാൻസലർ സിപിഐ മന്ത്രിയാണെങ്കിലും ബോർഡ് ഓഫ് മാനേജ്മെൻറ് സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. ചില ഉന്നതരുടെ സ്വന്തക്കാർക്ക് കൂടി നിയമനം ലഭിക്കുവാൻ പാകത്തിന് നിയമന വിജ്ഞാപനം നടത്താനാണ് കഴിഞ്ഞമാസം ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചിട്ടുള്ളത്. അതിനായി ചില തസ്തികകളെ നെറ്റ് പരീക്ഷ യോഗ്യതയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
വെറ്ററിനറി സർവകലാശാലയുടെ വിവിധ കോഴ്‌സുകളിൽ ചിലതിന് ഐസിഎആറിന്റെയോ, വെറ്ററിനറി കൗൺസിലിന്റെയോ അംഗീകാരം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഗവേഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ വിവിധ ഗ്രാന്റുകൾ അനുവദിച്ചിട്ടില്ല- നിവേദനത്തില്‍ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here