അടിമാലി 2 സിപിഎം ഓഫീസുകളും ബാങ്കും ഒഴിപ്പിക്കാന്‍ റവന്യൂവകുപ്പ്; തൊടാന്‍ കഴിയില്ലെന്ന് വര്‍ഗീസ്; കയ്യേറ്റം വ്യാപകമെന്ന് ശിവരാമനും; ഇടുക്കിയില്‍ ഇടത് രാഷ്ട്രീയം തിളയ്ക്കുന്നു
തിരുവനന്തപുരം: സിപിഎമ്മിന്റെ അടിമാലിയിലെ രണ്ട് ഓഫീസുകളും സിപിഎം നിയന്ത്രണത്തിലുള്ള അടിമാലി സഹകരണ ബാങ്കും ഒഴിപ്പിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ലാന്റ് റവന്യൂ കമ്മീഷണറാണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയത്. കേരള ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ച് മൂന്നു കെട്ടിടങ്ങളും ഒഴിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ കത്ത് നല്‍കിയത്.
ഇടത് സര്‍ക്കാരിനെതിരെ സിപിഐയുടെ സ്റ്റേറ്റ് കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് സിപിഎമ്മിന്നെതിരായ സിപിഐ നീക്കം വരുന്നത്. സർക്കാരിന്റെ പലമേഖലകളിലും അഴിമതിയാണെന്നും ഭൂമി- ക്വാറി മാഫിയയാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നുമാണ് കഴിഞ്ഞ സിപിഐ സ്റ്റേറ്റ് കൌണ്‍സിലില്‍ വിമര്‍ശനം വന്നത്. ഇതിനു തൊട്ടുപിന്നാലെ തന്നെയാണ് സിപിഎമ്മിനെതിരെയുള്ള സിപിഐ നീക്കം ഭരണതലത്തില്‍ ശക്തമാകുന്നത്. കേരള ലാൻഡ് അസൈൻമെന്റ് (ഭേദഗതി) ബില്ലിനും അടിമാലിയിലെ സിപിഎം ഓഫീസുകളെയോ സഹകരണ ബാങ്ക് കെട്ടിടത്തേയോ രക്ഷിക്കാന്‍ കഴിയില്ല. ഇവ മൂന്നും സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിന്റെ പരിധിയില്‍ വരുന്നതാണ്.
3.5 സെന്റ് പുറമ്പോക്ക് കൈയേറിയാണ് അടിമാലി ടൗണിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മിച്ചത്. കൊച്ചി-മധുര ബൈപാസ് റോഡിന്റെ 1.5 സെന്റ് കൈയേറിയാണ് അടിമാലി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇത് കൂടാതെ സിപിഎമ്മിന്റെ രണ്ടു ഓഫീസുകളും ഇടുക്കിയിലെ 57 അനധികൃത നിര്‍മ്മാണങ്ങളില്‍പ്പെട്ടതാണ്. ഈ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി ഇടുക്കി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത കയ്യേറ്റങ്ങള്‍ക്ക് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. പട്ടയം ലഭിക്കാന്‍ സാധ്യതയുള്ളവ ഒഴികെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ കീഴിൽ പ്രത്യേക ദൗത്യസംഘവും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഇതിനിടയിലാണ് രണ്ട് സിപിഎം ഓഫീസുകളും അടിമാലി സഹകരണ ബാങ്കും ഒഴിപ്പിക്കാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശം നല്‍കുന്നത്.
റവന്യൂവകുപ്പിന്റെ നീക്കത്തെ തടയിടുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഒരൊഴിപ്പിക്കലും അവിടെ നടക്കില്ല. പട്ടയഭൂമിയിലാണ് ഈ മൂന്ന് കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. ഭൂ നിയമഭേദഗതി പാസാകുന്നതോടെ ഈ പ്രശ്നം അവസാനിക്കും. വസ്തുതയുമായി പുലബന്ധം പോലുമില്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ദൌത്യസംഘം രൂപീകരിച്ചത് തന്നെ ആരെയും കുടിയൊഴിപ്പിക്കാന്‍ വേണ്ടിയല്ല. കയ്യേറ്റം നടത്തിയവരില്‍ ഭൂമിയില്ലാത്തവര്‍ എത്ര പേരുണ്ട്.
അനധികൃത നിര്‍മ്മാണം നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് കമ്മറ്റി പരിശോധിക്കുന്നത്. ഹൈക്കോടതി ചോദിച്ച റിപ്പോര്‍ട്ട് കൊടുക്കാന്‍ വേണ്ടി മാത്രമാണിത്. ഇടുക്കി ജില്ലയിലെ പതിനായിരക്കണക്കിന് മുഴുവന്‍ അനധികൃത നിര്‍മ്മാണങ്ങളും ഭൂപതിവ് നിയമഭേദഗതി ബില്‍ നിയമമാകുന്നതോടെ സാധൂകരിക്കപ്പെടും-സി.വി.വര്‍ഗീസ് പറയുന്നു.
”വന്‍കിട കയ്യേറ്റക്കാരുടെ പ്രശ്നമാണ് സര്‍ക്കാരിനു മുന്നിലുള്ളത്. സിപിഎം പാര്‍ട്ടി ഓഫീസുകളോ, സഹകരണ ബാങ്കോ ഒഴിപ്പിക്കുന്ന നീക്കത്തിനൊന്നും വലിയ പ്രാധാന്യം നല്‍കുന്നില്ല. നൂറു കണക്കിന് ഏക്കര്‍ ഭൂമികള്‍ വന്‍കിട കയ്യേറ്റക്കാരുടെ കയ്യിലുണ്ട്. അതൊഴിപ്പിക്കണം–സിപിഐ ഇടുക്കി ജില്ലാ മുൻ സെക്രട്ടറി കെ.കെ.ശിവരാമൻ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. .വട്ടവട കുറിഞ്ഞിമല സംരക്ഷിത പ്രദേശത്തില്‍ കയ്യേറ്റമുണ്ട്. കൊട്ടക്കാമ്പൂരില്‍ കയ്യേറ്റമുണ്ട്. ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ കയ്യേറ്റമുണ്ട്. ആ വന്‍കിട കയ്യേറ്റക്കാരെ പിടികൂടി തുറുങ്കിലടയ്ക്കണം. പുറമ്പോക്കിലാകാം ഈ ഓഫീസുകള്‍ ഉള്ളത്. അല്ലാതെ പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെയല്ല എന്റെ നിലപാട്-ശിവരാമന്‍ പറയുന്നു.
കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്കു സമനില തെറ്റുമെന്നു കെ.കെ.ശിവരാമൻ ഇന്നലെ എഫ്ബി പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. എം.എം.മണി അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെയാണ് ശിവരാമന്‍ എഫ്ബി പോസ്റ്റിലൂടെ ആഞ്ഞടിച്ചത്. ഇതിനു പിന്നാലെയാണ് മാധ്യമ സിന്‍ഡിക്കറ്റിനോടും ശിവരാമന്‍ പ്രതികരണം നടത്തിയത്. എന്തായാലും കയ്യേറ്റത്തിന്റെ പേരില്‍ ഇടുക്കിയിലെ ഇടത് രാഷ്ട്രീയം തിളച്ചുമറിയുകയാണ്. അനധികൃത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും പരസ്പരം കണക്ക് തീര്‍ക്കാനുള്ള ആയുധമാക്കുകയാണ് സിപിഎമ്മും സിപിഐയും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here