അനധികൃത മരംമുറി, രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സ്‌പെൻഷൻ
തൊടുപുഴ : നേര്യമംഗലം പഴമ്പിള്ളിച്ചാൽ മേഖലയിൽ അനധികൃതമായി മരം മുറിച്ചതിന് രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
വാളറ ഡെപ്യൂട്ടി റേഞ്ചർ സി ജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ എം ലാലു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കോട്ടയം വിജിലൻസ് സിസിഎഫിന്റെ നിർദ്ദേശത്തെ തുടർന്ന് പുനലൂർ ഫ്ലൈറ്റ് സ്കോഡ് ഡി എഫ് ഓ യുടെ നേതൃത്വത്തിലുള്ള സംഘം നൽകിയ റിപ്പോർട്ടിന്മേലാണ് നടപടി.
പഴമ്പിള്ളിച്ചാൽ പ്രദേശത്ത് കാട്ടാന ശല്യം കൂടുതലായതിനാൽ നാട്ടുകാരുടെ പരാതിയിൽ പ്ലാവ്, ആഞ്ഞിലി, മാവ് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചിരുന്നു. ഈ പ്രദേശത്ത് പട്ടയ ഭൂമി കുറവാണ്. കൈവശം ഭൂമിയാണ് കൂടുതൽ.
ഇതോടെ പട്ടയം ഉള്ള സ്ഥലത്തിന്റെ കരമടച്ച് രസീതിന്റെ മറവിൽ കൈവശ ഭൂമിയിൽ മരം മുറിച്ച് കടത്താനുള്ള അനുമതി ചില സ്വകാര്യ വ്യക്തികൾക്ക് വനം വകുപ്പ് ഓഫീസർ നൽകുകയായിരുന്നു. കൈവശ ഭൂമിയിൽ നിന്ന് മരം മുറിക്കുന്നതിന് 30,000 രൂപ വരെ കൈക്കൂലിയായി ഇവർ വാങ്ങിയിട്ടുണ്ടന്നും അന്വേഷണത്തിൽ കണ്ടെത്തി. 20ലേറെ ലോഡ് തടി ഇവിടെ നിന്നും കടത്തിക്കൊണ്ടു പോയിട്ടുണ്ട്. കൈക്കൂലി വീതം വെപ്പുമായി ഓഫീസർമാർ തമ്മിലുണ്ടായ തർക്കമാണ് വിവരം പുറത്തറിയാൻ ഇടയായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here