ഇവിടെ എന്തും നടക്കും: സിപിഎം നേതാവിനെ വളഞ്ഞ വഴിയിൽ ‘അധ്യാപകനാക്കി’, ന്യായീകരണവുമായി കുസാറ്റ്

കൊച്ചി: കുസാറ്റിൽ യൂത്ത് വെൽഫെയർ ഡയറക്ടറായ പി.കെ.ബേബിയുടെ തസ്തിക അധ്യാപക തസ്തികയായി മാറ്റിയതിൽ പ്രതിഷേധം ശക്തമാക്കുന്നു. യു ജി സി മാനദണ്ഡങ്ങൾ പാലിക്കാതെ സർവകലാശാല സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്ത നടപടിയ്‌ക്കെതിരെയാണ് പ്രക്ഷോഭം. പുതിയ തസ്തികയിൽ നിയമനം നടത്താൻ ചട്ടങ്ങൾ ഒന്നും പാലിച്ചിട്ടുമിലെന്നാണ് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ആരോപിക്കുന്നത്.

2009ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ഗ്രേഡ് 2 തസ്തികയിൽ പി.കെ.ബേബിയെ നിയമിക്കുന്നത്. പിന്നീട് 2016ൽ പിണറായി സർക്കാർ ഭരിക്കുമ്പോഴാണ് അനധ്യാപക തസ്തിക മാറ്റി അധ്യാപക തസ്തികയാക്കണമെന്ന് അപേക്ഷ നൽകുന്നത്. 2018ൽ സിൻഡിക്കേറ്റ് കൂടി സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കൂടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

12930 -20250 എന്ന സർക്കാരിന്റെ സ്കെയിൽ അനുസരിച്ചാണ് ശമ്പളം. 11 വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് പുതിയ തസ്തിക അനുവദിച്ചത്. ഒരു വ്യക്തിക്ക് വേണ്ടി സർവകലാശാല ചട്ടം ഭേദഗതി വരുത്തിയതിൽ ആക്ഷേപമുണ്ട്. മാത്രമല്ല പുതിയ തസ്തികയിൽ നിയമനം നടത്തുമ്പോൾ വിജ്ഞാപനം ഇറക്കി അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നടപടി ഇവിടെ നടപ്പാക്കിയിട്ടില്ല. പഴയ തസ്തികയിൽ ഇരുന്ന പി കെ ബേബിയെ പുതിയതിലും തുടരാൻ അനുവദിച്ചു. ഇത് ചട്ടലംഘനമാണ്.

മുൻപ് യൂത്ത് വെൽഫെയർ ഡയറക്ടർ സ്ഥാനത്തിരുന്ന വ്യക്തി ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുകയും ഹർജി കോടതി തള്ളുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലം നിലനിൽക്കെയാണ് സർക്കാരിന്റെ പുതിയ തീരുമാനം. കലോത്സവം നടത്തുക യൂണിയൻ തെരഞ്ഞെടുപ്പ് മേൽനോട്ടം തുടങ്ങിയവയാണ് ഡയറക്ടറുടെ ചുമതല. ഇത് എല്ലാ സർവകലാശാലയിലും അനധ്യാപക തസ്തികയുമാണ്.

അനധികൃതമായ നിയമനത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്ക് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പരാതി നൽകിയിരുന്നു. എന്നാൽ ഇതിന് സർവകലാശാല മറുപടി നൽകിയെങ്കിലും കൂടുതൽ നടപടി ഒന്നും ഉണ്ടായില്ല. ഇപ്പോൾ ബേബിക്ക് സ്ഥാനക്കയറ്റം നൽകാനും ആലോചന നടക്കുന്നുണ്ട് . മുൻ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ബേബിക്ക് ചട്ടം ലംഘിച്ച് നിയമനം നൽകിയതിനെതിരെ കെഎസ് യു, എംഎസ്എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം അനധ്യാപക തസ്തികയിലേക്കും മൂന്നു വർഷം അധ്യാപന പരിചയം നിർബന്ധമാണ് ഇതുകൂടി പരിഗണിച്ചാണ് പി കെ ബേബിയെ പുതിയ തസ്തികയിൽ തുടരാൻ അനുവദിച്ചതെന്നും സർക്കാരിന്റെയും വി സി യുടെയും അനുമതിയോടെയാണ് ഇതെന്നും സർവകലാശാല പ്രസ്താവന ഇറക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top