2027-ഓടെ ഇന്ത്യ മൂന്നാമത് വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഗീതാ ഗോപിനാഥ്; വളര്‍ച്ച പ്രതീക്ഷിച്ചതിലും മികച്ചത്

ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് ഐഎംഎഫ് (അന്താരാഷ്ട്ര നാണയനിധി) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ​ഗോപിനാഥ്. 2027-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും ഗീത പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

“കഴിഞ്ഞ സാമ്പത്തിക വർഷം ഐഎംഎഫ് പ്രതീക്ഷിച്ചതിലും ഏറെ മെച്ചപ്പെട്ടതായിരുന്നു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. ഈ സാമ്പത്തിക വർഷത്തിലും ഇത് പ്രതിഫലിക്കും. നിക്ഷേപത്തിന് നിർണായകമായ ബിസിനസ് അന്തരീക്ഷം ഇന്ത്യ മെച്ചപ്പെടുത്തേണ്ടതുണ്ട്. നിയന്ത്രണങ്ങൾ ലഘൂകരിക്കണം. തിരിച്ചടിയായി മാറുന്ന ചുവപ്പുനാടകൾ കുറയ്ക്കണം. ബിസിനസ് പ്രവർത്തനം സുഗമമാക്കണം.”

“കഴിഞ്ഞ വർഷത്തെ സ്വകാര്യ ഉപഭോഗ വളർച്ച നോക്കിയാൽ, ഏകദേശം 4 ശതമാനമായിരുന്നു. ഗ്രാമീണ ഉപഭോഗം കൂടിയാല്‍ അത് വർദ്ധിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇരുചക്രവാഹന വിൽപ്പനയിൽ വളരെ വേഗത്തിലുള്ള വളര്‍ച്ച വ്യക്തമാണ്. ഇത് നല്ല സൂചനയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേക്ക് കുതിക്കുന്നത് വ്യക്തമാണ്. ഇന്ത്യയിലെ മികച്ച മൺസൂൺ മികച്ച വിളവെടുപ്പ് നൽകും. അതുമൂലം കാർഷിക വരുമാനം വർധിക്കും. ഗ്രാമീണ ഉപഭോഗത്തിലുള്ള വീണ്ടെടുപ്പാണ് വ്യക്തമാകുന്നത്. ഇതെല്ലാം സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് പിന്നിലെ ഘടകങ്ങളാണ്. നേരിട്ടുള്ള വിദേശ നിക്ഷേപം എത്തുന്ന ഇന്ത്യയിലെ തിളക്കമാര്‍ന്ന രണ്ട് സംസ്ഥാനങ്ങള്‍ ഗുജറാത്തും തമിഴ്‌നാടും ആണ്.” – ഗീത പറഞ്ഞു.

ഐഎംഎഫ് അതിൻ്റെ ‘വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്’ റിപ്പോർട്ടിൽ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ചാ പ്രവചനം 7 ശതമാനമായി ഉയർത്തിയതിന് ശേഷമാണ് ഗീതയുടെ പ്രതികരണം വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top