അപകടത്തിലായ ഫ്ലാറ്റ് ഒഴിപ്പിക്കുന്നു; കളക്ടർ നോട്ടീസ് നൽകി, 27 കുടുംബങ്ങൾ വഴിയാധാരം
തിരുവനന്തപുരം: മെഡിക്കൽ കോളേജിന് സമീപം അപകടാവസ്ഥയിലുള്ള എട്ടു നില കെട്ടിടം ഒഴിയാൻ ഉത്തരവ്. 27 ഓളം കുടുംബങ്ങളും 50 ഓളം സ്ഥാപനങ്ങളും ഉൾപ്പെട്ട സിറ്റി പ്ലാസ എന്ന കെട്ടിടമാണ് ബലക്ഷയം കാരണം മൂന്ന് ദിവസത്തിനുള്ളിൽ ഒഴിയാൻ ജില്ലാ കളക്ടർ ഉത്തരവ് നൽകിയത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ പെയ്ത മഴയിൽ അടിത്തറയിലെ ഒരു വശത്തെ മണ്ണ് ഒലിച്ചു പോയിരുന്നു.
വൃദ്ധജനങ്ങളും രോഗികളും ഉൾപ്പെടെയുള്ളവരാണ് ഇവിടത്തെ താമസക്കാരിൽ പലരും. വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും വഴിയാധാരമായ അവസ്ഥയിലാണ്. ഫ്ലാറ്റിന്റെ മുൻ ഭാഗത്ത് പ്രവർത്തിക്കുന്ന സ്കാനിംഗ് സെന്ററിന് വേണ്ടി പാർക്കിംഗ് ഏരിയയിൽ നടത്തിയ അനധികൃത നിർമാണമാണ് ഇതിനടിയിലെ മണ്ണ് ഒലിച്ചു പോകാൻ കാരണമെന്നാണ് ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
അനധികൃത നിർമാണം ചൂണ്ടികാണിച്ച് രണ്ടര വർഷമായി ഫ്ളാറ്റിലെ താമസക്കാർ നിരന്തരം പരാതി നൽകിയിയിരുന്നു. എന്നാൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. 2022 ജൂണിൽ നിർമാണം നിർത്തിവക്കാൻ ഓംബുഡ്‌സ്മാൻ ഉത്തരവും ഇറക്കിയിരുന്നു. അതിലും ഇതുവരെ നഗരസഭ നടപടിയെടുത്തിട്ടില്ല. കൊമേഷ്യൽ സ്പേസും റെസിഡൻഷ്യൽ സ്പേസുമായി തരംതിരിച്ചാണ് ഫ്ളാറ്റിന് ടിസി അനുവദിച്ചിട്ടുള്ളത്. ഇതിൽ കൊമേഷ്യൽ ഏരിയയിലുള്ള ഭാഗത്താണ് മണ്ണ് ഒലിച്ചു പോയിരിക്കുന്നത്. എന്നാൽ ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകിയിട്ടില്ല.
ജനങ്ങളുടേ സുരക്ഷയാണ് പ്രധാനമെന്നും കെട്ടിടം മുഴുവൻ വിശദമായി പരിശോധിക്കുമെന്നും ഡെപ്യൂട്ടി മേയറും പട്ടം വാർഡ് കൗൺസിലറും കൂടിയായ പി.കെ.രാജു വ്യക്തമാക്കി. കെട്ടിടത്തിന്റെ നിലവാരം പരിശോധിച്ച ശേഷം തുടർ നടപടികൾ എടുക്കാമെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.
ദുരന്ത നിവാരണ നിയമ പ്രകാരമാണ് കെട്ടിടം ഒഴിയാൻ ഇപ്പോൾ ഉത്തരവ് നൽകിയിട്ടുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങോട്ട് പോകുമെന്നുള്ള ആശങ്കയിലാണ് ഇവിടെയുള്ള താമസക്കാരും സ്ഥാപനഉടമകളും.