ഇനി ‘പ്രചാരക്’ ബ്യൂറോക്രസി? ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് കൊടി പിടിക്കുമ്പോൾ… വൈകിപ്പോയെന്ന് മധ്യപ്രദേശ് ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാം എന്ന മൂന്നാം മോദി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്താകെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡ കൂടുതല്‍ വെളിവാകുന്നു എന്നാണ് പ്രധാന വിമര്‍ശനം. എന്നാൽ സർക്കാർ ഉദ്യോഗസ്ഥരെ ഇത്രകാലം ആർഎസ്എസിൽ നിന്നകറ്റി നിർത്തിയത് വലിയ നഷ്ടമായെന്നാണ് മധ്യപ്രദേശ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്.

മുമ്പ് ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകര്‍ക്കു സര്‍ക്കാര്‍ സര്‍വീസുകളില്‍ നിയമനം ലഭിച്ചിരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സിവില്‍ സര്‍വീസ് പെരുമാറ്റച്ചട്ടത്തെ വലിയ തോതില്‍ സ്വാധീനിച്ചേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു 1966ല്‍ നിരോധനം കൊണ്ടുവന്നത്. ഈ വിലയിരുത്തലിന് കാരണമായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നവരാണ് കൂടുതലും. അതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

തീവ്രഹിന്ദുത്വവാദികൾ എന്നതിൽ നിന്ന് മാറി, ഒരു സന്നദ്ധ സംഘടന എന്ന ലേബല്‍ ആര്‍എസ്എസിനു ലഭിക്കാന്‍ പുതിയ തീരുമാനം വഴിവച്ചേക്കും. പുതിയ സാഹചര്യത്തില്‍ ആര്‍എസ്എസ് ‘പ്രചാരകുമാര്‍’ സര്‍ക്കാര്‍ സര്‍വീസിലെത്തും. ആര്‍എസ്എസ് ഉൾപ്പെടുന്ന ഭൂരിഭാഗം രാഷ്ട്രീയ കേസുകളിലും ഈ പ്രചാരക്മാരാണ് പ്രതിസ്ഥാനത്ത് വരിക. സുപ്രധാനമായ തസ്തികകളില്‍ ഇവര്‍ എത്തുന്നതോടെ ഓരോ സര്‍ക്കാര്‍ ഓഫീസും ഇവരുടെ നിയന്ത്രണത്തിലാകും എന്ന ചിന്ത ശക്തമായിട്ടുണ്ട്. സൈന്യത്തിലെയും കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലെയും താക്കോല്‍ സ്ഥാനങ്ങളിലും ആർഎസ്എസ് ബന്ധമുള്ളവർ എത്താം. അതിനെല്ലാം ഉണ്ടായിരുന്ന പ്രധാന തടസമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.

സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസിൽ ചേരുന്നത് ഇതുവരെ വിലക്കിയതിന് പ്രത്യേകിച്ച് ന്യായമൊന്നും ഇല്ലായിരുന്നെന്ന് മധ്യപ്രദേശ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിൻ്റെ ഭാഗമായി മാത്രമായിരുന്നു വിലക്ക്. അതിന് നിയമപരമായി നിലനിൽപില്ല. ഈ തീരുമാനം കൊണ്ട് നഷ്ടമുണ്ടായത് ആർഎസ്എസിൽ ചേരാൻ ആഗ്രഹിച്ച ജീവനക്കാർക്ക് മാത്രമല്ല, ആർഎസ്എസിനും കൂടിയാണെന്നും ജസ്റ്റിസ് സുശ്രുത് അർവിന്ദ് ധർമാധികാരി, ഗജേന്ദ്ര സിങ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് പറഞ്ഞു. ആർഎസ്എസിൽ ചേരാൻ അനുമതി തേടി കോടതിയെ സമീപിച്ച വിരമിച്ച സർക്കാർ ജീവനക്കാരൻ്റെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ പരാമർശങ്ങൾ.

ബ്രിട്ടീഷ് ഇന്ത്യയില്‍ 1947 ജനുവരിയില്‍ നാലു ദിവസത്തേക്ക് ഏര്‍പ്പെടുത്തിയത് ആയിരുന്നു രാഷ്ട്രീയ സ്വയം സേവക സംഘ് (ആര്‍എസ്എസ്) നേരിട്ട ആദ്യ നിരോധനം. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടാണ് 1948ല്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ചത്. അതായിരുന്നു സ്വതന്ത്ര ഇന്ത്യയില്‍ ആര്‍എസ്എസിന്റെ ആദ്യ നിരോധനം. പിന്നീട് അടിയന്തരാവസ്ഥ കാലത്തും ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷവും നിരോധനം വന്നു. പിന്നീട് 1966 നവംബര്‍ 30നും 1970 ജൂലൈ 25നും 1980 ഒക്‌ടോബര്‍ 28നും നിരോധനവുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ വന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാൻ മൂന്നാം മോദി സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

രാജ്യത്ത് 2014നുശേഷം ശക്തിപ്രാപിച്ച ഹിന്ദുത്വ രാഷ്ട്രീയം കൂടുതല്‍ തീവ്രമായി ചര്‍ച്ച ചെയ്യപ്പെടുകയും ആ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിതന്നെ മുന്നില്‍ നില്‍ക്കുകയും ചെയ്ത തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്. തെരഞ്ഞെടുപ്പു ഫലവും ഇതിനെ ശരിവയ്ക്കുന്നതായി. തീവ്ര അജന്‍ഡകള്‍ പ്രചരിപ്പിക്കുന്നതിന് സര്‍ക്കാര്‍ മെഷിനറികള്‍ ഉപയോഗിക്കപ്പെടുന്നതിലൂടെ ഈ പ്രവൃത്തികള്‍ക്ക് ഇനി ഔദ്യോഗിക പരിവേഷവും ലഭിച്ചേക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാം എന്ന ഉത്തരവിന്റെ പ്രത്യാഘാതങ്ങള്‍ വടക്കേ ഇന്ത്യയിലായിരിക്കും കൂടുതല്‍ പ്രതിഫലിക്കാന്‍ സാധ്യത എന്നാണ് പൊതുവേ കരുതുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top