ഇഡിക്ക് പിടികൊടുക്കാതെ ഐസക് വീണ്ടും; എൻഫോഴ്സ്മെൻ്റിന് മുന്നിലിനി എന്തുവഴി
തിരുവനന്തപുരം : കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ ധനമന്ത്രിയും സി.പി.എം. നേതാവുമായ തോമസ് ഐസക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഇന്നും ഹാജരാകില്ല. ഇത് രണ്ടാം തവണയാണ് ഇഡി നോട്ടീസ് അയച്ചിട്ടും ഐസക്ക് ഹാജരാകാതിരിക്കുന്നത്. നേരത്തെ ജനുവരി 12ന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയപ്പോൾ സിപിഎം നേതൃയോഗങ്ങളില്‍ പങ്കെടുക്കാനുളളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ച. തുടർന്ന് ഇഡി നടപടി ചോദ്യംചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. നോട്ടീസില്‍ അപാകതകളുണ്ടെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് ആദ്യ നോട്ടീസ് പിന്‍വലിച്ച് ജനുവരി 22ന് ഹാജരാകാന്‍ ഇഡി വീണ്ടും ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി ഐസക്ക് ഹാജരാകാത്തതിനാല്‍ ഇഡി തുടര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹാജരാകാൻ കഴിയില്ലെന്നാണ് അഭിഭാഷകന്‍ മുഖേന ഇത്തവണ അറിയിച്ചിരിക്കുന്നത്.
ഇഡിയുടെ നോട്ടീസിന് വഴങ്ങാത്തവർ പലരുണ്ട്. എട്ട് തവണ നോട്ടീസ് അയച്ചിട്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹോമന്ത് സോറന്‍ ഇഡിക്ക് മുന്നില്‍ ഹാജരായില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നാല് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായിട്ടില്ല.
ഇഡിക്ക് എന്തുചെയ്യാനാകും?
ഇഡി ഡയറക്ടറോ, അന്വേഷണ ഉദ്യോഗസ്ഥനോ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ്ങ് ആക്ടിലെ(പിഎംഎല്‍എ) 50(2)വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയാല്‍ ഏതൊരു ഇന്ത്യന്‍ പൗരനും ഹാജരാകാന്‍ ബാധ്യസ്ഥനാണ്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ആവശ്യമായ രേഖകളും മൊഴിയും നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതിനും പുറമേ ആക്ടിലെ 50(3) വകുപ്പ് അനുസരിച്ച് നോട്ടീസ് ലഭിക്കുന്ന വ്യക്തിയോ അദ്ദേഹം ചുമതലപ്പെടുത്തിയ ആളോ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരായി ഏജന്‍സി ആവശ്യപ്പെടുന്ന രേഖകളും മറ്റും നല്‍കിയേ മതിയാകു. ഈ വകുപ്പ് പ്രകാരം നല്‍കുന്ന മൊഴികള്‍ക്കും രേഖകള്‍ക്കും നിയമപരമായ എല്ലാ സാധുതകളും ലഭിക്കും. നിയമപ്രകാരം ഹാജരാകാതിരിക്കാനാവില്ലെന്നാണ് പിഎംഎല്‍എ ആക്ട് പറയുന്നത്. ഇതുപ്രകാരം ഇവരെ അറസ്റ്റ് ചെയ്യാന്‍ ഇഡിക്ക് കഴിയും.
സമന്‍സില്‍ നിന്ന് ഒഴിഞ്ഞുമാറാനാകുമോ ?
സമന്‍സ് ലഭിക്കുന്നവര്‍ക്ക് അന്വേഷണ ഏജന്‍സിയുടെ മുമ്പാകാതെ ഹാജരാകാതിരിക്കാനാവില്ല. സമന്‍സ് ലഭിച്ചിട്ട് ഒരിക്കലോ തുടരെ തുടരെയോ ഹാജരാകാതിരുന്നാല്‍ അന്വേഷണ ഏജന്‍സിക്ക് അറസ്റ്റ് ചെയ്യാന്‍ അവകാശമുണ്ട്. സമന്‍സ് ലഭിക്കുന്നവര്‍ നേരിട്ട് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടാല്‍ ഹാജരാകാതെ വേറെ വഴിയില്ല.
എപ്പോഴൊക്കെയാണ് ഇഡി നോട്ടീസ് അയക്കുന്നത്
കള്ളപണ നിരോധന നിയമനുസരിച്ച് സംശയമുള്ള ഏത് വ്യക്തിയേയും എപ്പോള്‍ വേണമെങ്കിലും നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യാന്‍ കഴിയും. ഇഡി സംശയിക്കുന്ന വ്യക്തി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന് കോടതിയെ അറിയിച്ചാല്‍ മാത്രം മതി. 2022ല്‍ മഹാരാഷ്ട്രയിലെ ഒരു മന്ത്രിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കാകതെയായിരുന്നു ഈ അറസ്റ്റ്. സമീപകാലത്ത് ഒട്ടുമിക്ക കോടതികളും ഇഡിയുടെ അറസ്റ്റിന് നിയമപരമായ സാധുതകള്‍ നല്‍കിയിട്ടുണ്ട്. സംശയമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ ഇഡിക്കും അവകാശമുണ്ടെന്നും കോടതികള്‍ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യവും തെളിവുകളും ഇഡി ഡയറക്ടര്‍ കോടതി മുമ്പാകെ സമര്‍പ്പിക്കണം. എന്നാല്‍ ചിലപ്പോഴൊക്കെ സംശയത്തിന്റെ പേരില്‍ അറസ്റ്റിലായവർക്ക് അനുകൂലമായ നിലപാടും കോടതി സ്വീകരിച്ചിട്ടുണ്ട്. കേവലം സംശയത്തിന്റെ പേരില്‍ മാത്രം മതിയായ തെളിവുകളില്ലാതെയും നോട്ടീസ് നല്‍കാതെയും അറസ്റ്റു ചെയ്യുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here