മുനമ്പത്ത് ബിജെപി മുതലെടുപ്പിന് വഴിയൊരുക്കിയത് സിപിഎം; സർക്കാരിൻ്റെ പിടിപ്പുകേടോ ഡീലോ? മുസ്ലിം സംഘടനകളും യുഡിഎഫും ഉറ്റുനോക്കുന്നു

അതീവ ഗുരുതരവും നാൾക്കുനാൾ മതസ്പർധ വളർത്തുന്നതും, അതേസമയം നിസാരമായി പരിഹരിക്കാവുന്നതുമായ മുനമ്പം ഭൂമിപ്രശ്നം കൈകാര്യം ചെയ്യാൻ സർക്കാരിനെന്തേ ഇത്ര അമാന്തം. ഇടതുപക്ഷത്തെ രാഷ്ട്രിയകക്ഷികൾ അടക്കം ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ്. മുനമ്പം മുൻനിർത്തി കടുത്ത വർഗീയപരാമർശം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ നിയമനടപടി ഇല്ലാത്തതിൽ സിപിഐ മുഖപത്രം കഴിഞ്ഞ ദിവസം പ്രതികരിച്ചതും ഈ സാഹചര്യത്തിലാണ്. മൂന്നിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് മതിയെന്ന് സർക്കാർ തീരുമാനിച്ച മട്ടാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമൊന്നും ഇക്കാര്യത്തിൽ ബാധകല്ല എന്നുള്ളത് വ്യക്തമാണ്.

ഇന്ത്യയിൽ വഖഫ് ഭേദഗതി വിഷയം ഏറ്റവും തീവ്രമായി ഉന്നയിക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് ബിജെപിക്ക് കഴിഞ്ഞു. താടിയെടുത്ത സുരേഷ് ഗോപി മുമ്പില്ലാത്ത വിധം തീവ്രമായി മുനമ്പം മുൻനിർത്തി മോദി സർക്കാരിൻ്റെ വഖഫ് ഭേദഗതി ബില്ലിന് അനുകൂല വാദമുഖം ഉയർത്തുന്നത് ഒരേസമയം സിപിഎമ്മിനും ബിജെപിക്കും ഗുണകരവും, തങ്ങൾക്ക് ദോഷവും ആകുമെന്ന ഉൾഭയം യുഡിഎഫിനുണ്ട്. ഈ വിഷയത്തിലും സിപിഎം-ബിജെപി ഡീൽ സംശയിക്കുകയാണ് പ്രമുഖ മുസ്ലിം സംഘടനകളും യുഡിഎഫ് നേതൃത്വവും. വൈകാതെ ഇത് പരസ്യമായി ഉന്നയിക്കും. ഇക്കാര്യത്തിലുള്ള സർക്കാരിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് ഇരുകൂട്ടരും.

ഈ മാസം 16ന് മുനമ്പം വിഷയത്തിൽ ഉന്നതതലയോഗം നിശ്ചയിച്ച സംസ്ഥാന സർക്കാർ അത് അപ്രതീക്ഷിതമായി 28ലേക്ക് മാറ്റി. ഉപതെരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ഒരുദിവസത്തെ പ്രചാരണം റദ്ദാക്കി മുനമ്പ് എത്തിയതും, സർക്കാർ യോഗം പ്രത്യേകിച്ച് കാരണമൊന്നും അറിയിക്കാതെ നീട്ടിവച്ചതും ചേർത്ത് വായിക്കുന്നുണ്ട് യുഡിഎഫ്. ഇന്നലെ സമരക്കാരെ ആദ്യമായി കണ്ട മുഖ്യമന്ത്രി യോഗം 22ന് നടത്തുമെന്ന് അറിയിച്ചതോടെ വോട്ടെടുപ്പ് കഴിയാതെ ഒന്നും നടക്കില്ലെന്ന് ഉറപ്പായി. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരിൽ ഏകദേശം 5%, അതായത് 10,000ത്തോളം വോട്ടർമാർ ക്രൈസ്തവരാണ് എന്നതും, അവർ പൊതുവിൽ യുഡിഎഫ് വോട്ടർമാരാണ് എന്നതും, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3700ൽ താഴെ വോട്ടുകൾക്ക് മാത്രമാണ് ബിജെപി ഇവിടെ യുഡിഎഫിനോട് തോറ്റത് എന്നതും കൂട്ടിവായിക്കുന്നുണ്ട് പലരും.

ഫാറൂഖ് കോളജ് മാനേജ്മെൻറും, പ്രമുഖ മുസ്ലിം സംഘടനകൾ ആകെയും മുനമ്പത്ത് കുടിയൊഴിപ്പിക്കൽ പാടില്ലെന്ന അഭിപ്രായക്കാരാണെന്ന് മാത്രമല്ല, സർക്കാരിൻ്റെ മെല്ലെപ്പോക്ക് വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുമെന്ന് കണ്ട് യോഗം ചേർന്ന ശേഷം നിലപാട് പരസ്യമായി ആവർത്തിച്ച് കൊണ്ടിരിക്കുകയുമാണ്. മുനമ്പത്ത് തങ്ങളുടെ അവകാശത്തിലിരുന്ന ഭൂമിയിൽ കയ്യേറ്റം വ്യാപകമായപ്പോൾ മറ്റുവഴികളില്ലാതെ അവിടെ താമസിച്ചവരിൽ നിന്ന് മധ്യസ്ഥ ചർച്ചകളിലൂടെ സാധ്യമായ വരുമാനം ഉറപ്പാക്കി ഭൂമി വിറ്റതാണെന്നും, ഇനി ഈ ഭൂമിക്കുമേൽ അവകാശം ഉന്നയിക്കാൻ താൽപര്യമില്ലെന്നും ഫാറൂഖ് കോളജ് അധികൃതർ മുസ്ലിം സംഘടനാ യോഗത്തിൽ വ്യക്തമാക്കിയതാണ്.

2013ലെ വഖഫ് ഭേദഗതിയോടെ മാത്രമാണ് വഖഫ് ഭൂമിയുടെ വിൽപന സാധ്യമല്ലാതായത്. അതിന് മുമ്പ് വഖഫ് ബോർഡിൻ്റെ അനുമതിയോടെ വഖഫ് ഭൂമി വിൽക്കാൻ കഴിയുമായിരുന്നു. മുനമ്പം ഭൂമി വിറ്റത് 2013ന് മുമ്പാണെന്ന് മാത്രമല്ല, ഈ ഭൂമി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിരുന്നുമില്ല. രജിസ്റ്റർ ചെയ്യാതിരുന്നത് കാരണമാണ് വിൽപനയ്ക്ക് മുൻകൂർ അനുമതി വാങ്ങാതിരുന്നത് എന്നാണ് ഫാറൂഖ് കോളജ് പറയുന്നത്. എന്നാൽ രജിസ്റ്റർ ചെയ്യാതിരുന്നാലും ആധാരം വഖഫ് ആയി നൽകിയതാണെങ്കിൽ അതിൻ്റെ വിൽപനയ്ക്ക് മുൻകൂർ അനുമതി വേണമെന്ന ചട്ടമാണ് 2009ൽ വി എസ് സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ ശുപാർശ ചെയ്തത്. അച്യുതാനന്ദൻ സർക്കാരിൻ്റെ ക്യാബിനറ്റു തന്നെ ഈ ശുപാർശകൾ അംഗീകരിച്ച് തുടർ നടപടികൾക്ക് പച്ചക്കൊടി വീശുകയും ചെയ്തു.

ഇത്തരത്തിൽ തികച്ചും സാങ്കേതികമായ വിഷയമാണ് ഇതെന്നും, ഫാറൂഖ് കോളജ് 1990കളിൽ വിൽക്കാൻ സ്വീകരിച്ച നടപടിയെ മുൻകാല പ്രാബല്യത്തോടെ വഖഫ് ബോർഡ് സാധൂകരിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും എന്നതുമാണ് യഥാർത്ഥ വസ്തുത. കൂടാതെ നിസാർ കമ്മീഷൻ റിപ്പോർട്ടിന് അച്യുതാനന്ദൻ ക്യാബിനറ്റ് നൽകിയ അംഗീകാരം ഇതനുസരിച്ച് ക്യാബിനറ്റ് ഭേദഗതിക്ക് വിധേയമാക്കുകയും വേണം. ചുരുങ്ങിയ സമയം കൊണ്ട് ഈ വിഷയം തീർപ്പാക്കാമെന്ന് യുഡിഎഫ് നേതൃത്വം പറയുന്നതും ഇക്കാരണത്താലാണ്. മുനമ്പത്ത് സർക്കാർ ഇടപെടാൻ വൈകുന്ന ഓരോ മണിക്കൂറിനും കനത്ത വില നൽകേണ്ടി വരുമെന്നും സംഘികൾക്കും ക്രിസംഘികൾക്കും വർഗീയ പ്രചാരണത്തിന് ആവോളം അവസരം നൽകിയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലെന്നും സർക്കാരിനൊപ്പം നിൽക്കുന്ന കാന്തപുരം സമസ്ത വിഭാഗം നേതാവ് മുഹമ്മദലി കിനാലൂർ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

എന്നാൽ അതിന് മുതിരാതെ പ്രശ്നം മുസ്ലിം -ക്രൈസ്തവ ഭിന്നതയായി വളർത്താനുള്ള അപകടകരമായ കളിയാണ് ഭരണനേതൃത്വങ്ങൾ ചെയ്യുന്നതെന്നും, മോദി സർക്കാരിൻ്റെ നിർദിഷ്ട വഖഫ് ഭേദഗതി നിലവിൽ വന്നാൽ പ്രശ്നം പരിഹരിക്കാമെന്ന് പറയുന്നത് വാസ്തവവുമായി പൊരുത്തപ്പെടുന്നത് അല്ലെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. നിർദിഷ്ട ചട്ടത്തിലെ ഏത് ഭേദഗതി വന്നാലാണ് പ്രശ്നം പരിഹരിക്കുകയെന്ന് ആരും ചൂണ്ടിക്കാട്ടിയിട്ടുമില്ല. ഇത്തരം വസ്തുതകൾ ഉന്നയിച്ച് വിഷയത്തിൽ സജീവമാകാനാണ് യുഡിഎഫ് ശ്രമിക്കുക. ഇക്കാര്യങ്ങൾ ലത്തീൻ സഭാ നേതൃത്വത്തെ നേരിൽ ബോധ്യപ്പെടുത്താനും യുഡിഎഫ് ശ്രമിക്കും. വരുന്ന നിയമസഭാ – തദ്ദേശ ഉപതെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ഇത്തരം വിഭജന നീക്കങ്ങൾക്ക് തീവ്രത വർധിക്കുമെന്നും കണക്കുകൂട്ടലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top