ഉചിതമല്ലാത്ത ബന്ധത്തിൽ ഇന്ത്യാക്കാരിയുടെ ജോലി തെറിച്ചു; സിഇഒയെയും പിരിച്ചുവിട്ട് അമേരിക്കന്‍ കമ്പനി

ജോലി സ്ഥലത്തെ അനുചിതമായ ബന്ധം ആരോപിച്ച് ഇന്ത്യക്കാരിയായ അഭിഭാഷകയെയും സിഇഒയെയും പുറത്താക്കി നോർഫോക്ക് സതേൺ കോർപ്പറേഷൻ. കമ്പനിയുടെ സിഇഒയുമായി ബന്ധത്തിൻ്റെ പേരിലാണ് നടപടി. കമ്പനിയുടെ സിഇഒ അലൻ ഷായുമായി ചീഫ് ലീഗൽ ഓഫീസറായ നബാനിത നാഗ് പുലർത്തിയിരുന്ന ബന്ധമാണ് പുറത്താക്കലിൽ കലാശിച്ചത്.
പരസ്പര സമ്മതത്തോടെയുള്ള ബന്ധം ആണെങ്കിലും അത് കമ്പനി നയങ്ങളും ധാർമ്മിക നിയമങ്ങളും ലംഘിക്കുന്നതാണെന്ന് കമ്പനി പ്രതികരിച്ചു. ഇരുവരും ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് കമ്പനി നടത്തുന്ന അന്വേഷണത്തിൽ വ്യക്തമായി. കമ്പനിയുടെ പ്രവർത്തനമികവിനെ സംബന്ധിച്ചോ മറ്റ് സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ടോ അല്ല നടപടിയെന്ന് നോർഫോക്ക് സതേൺ കോർപ്പറേഷൻ അറിയിച്ചു.
2022ൽ ചീഫ് ലീഗൽ ഓഫീസറായി നിയമിതയയായ നബാനിതയ്ക്ക് 2023ൽ കോർപ്പറേറ്റ് കാര്യങ്ങളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് എന്ന ചുമതലയും നൽകിയിരുന്നു. പിരിച്ചുവിട്ട അലൻ ഷായ്ക്ക് പകരം കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ മാർക്ക് ആർ ജോർജിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തിരഞ്ഞെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here