ഉദ്ഘാടനത്തിന്റെ മറവില്‍ പിആർ എക്സർസൈസ്; വിഴിഞ്ഞത്ത് പോയത് മനസില്ലാ മനസോടെ: കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉദ്ഘാടനം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ പിആർ എക്‌സര്‍സൈസാണോ എന്ന് സംശയിക്കുന്നതായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. വിഴിഞ്ഞത്ത് നിര്‍മാണവസ്തുക്കളുമായി വന്ന കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ച് തുറമുഖത്തിന്റെ ഉദ്ഘാടനമെന്ന പ്രതീതി സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം അപഹാസ്യമാണ്. പദ്ധതി നാല് വര്‍ഷം വൈകിപ്പിച്ചതാരാണ്. വളരെ വൈകിയെത്തിയ ക്രെയിനിന് വാട്ടർ സല്യൂട്ട് നൽകേണ്ട അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. കുറച്ചു കൂടി കാത്ത് നിന്ന് കപ്പൽ വരുമ്പോൾ വാട്ടർ സല്യൂട്ട് നൽകിയാൽ പോരെ എന്നും മുരളീധരൻ ചോദിച്ചു.

ക്രെയിനിന് വാട്ടർ സല്യൂട്ട് നൽകുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമാണ്. തുറമുഖ ഉദ്ഘാടന വേദിയിൽ വച്ച് എല്ലാം പറഞ്ഞ് അന്തരീക്ഷം വഷളാക്കണ്ട എന്ന് കരുതിയാണ് പറയാതിരുന്നത്. തുറമുഖത്തിന്റെ പേരിൽ സർക്കാർ ഒരു അഭിനന്ദനവും അർഹിക്കുന്നില്ലെന്നും വി. മുരളീധരൻ പറഞ്ഞു. ആദ്യഘട്ടം മേയ് 24ലാണ് പൂര്‍ത്തിയാകുന്നത് എന്നാണ് നേരത്തേ മന്ത്രി പറഞ്ഞത്. എങ്കിൽ ഇത്രയും പണം ചെലവഴിച്ച്, ഇത്രയും ആളുകളെ വിളിച്ചുകൂട്ടി നടത്തിയ സമ്മേളനത്തിന്റെ ഉദ്ദേശ്യമെന്താണെന്നും വി. മുരളീധരന്‍ ചോദിച്ചു

വിഴിഞ്ഞത്ത് മദർഷിപ്പുകൾ വരാൻ ഇനിയും ഒരു വർഷമെങ്കിലും എടുക്കും. കോടികൾ ചെലവാക്കിയാണ് ഉദ്ഘാടന സമ്മേളനം നടത്തിയത്. മനസില്ലാ മനസോടെയാണ് വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തത്. ഈ മാമാങ്കം എന്തിന് വേണ്ടിയായിയിരുന്നുവെന്ന് സർക്കാർ വിശദീകരിക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.

എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം അസാധ്യമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015ല്‍ കരാര്‍ ഒപ്പിട്ടു 2019ല്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുമെന്നും 2023ല്‍ മൂന്നാംഘട്ടം പൂര്‍ത്തിയാക്കുമെന്നും പറഞ്ഞിരുന്ന പദ്ധതിയുടെ ഒന്നാംഘട്ടം നാലുവര്‍ഷം കഴിഞ്ഞ് പൂര്‍ത്തിയാക്കുമ്പോഴാണ് പറയുന്നത് എല്‍ഡിഎഫ് അസാധ്യമായത് സാധ്യമാക്കുമെന്ന്. ഇങ്ങനെ പറയാന്‍ അപാരമായ തൊലിക്കട്ടി വേണമെന്നും മുരളീധരൻ പരിഹസിച്ചു.

കരുണാകരനും എം.വി. രാഘവനും തുറമുഖത്തിനായി ശ്രമിച്ചു. എൻഡിഎ സർക്കാർ അധികാരത്തിൻ വന്നപ്പോഴാണ് പിന്നീട് പദ്ധതിക്ക് ജീവൻ വെച്ചത്. ബിജെപി സംസ്ഥാന നേതാക്കൾ ഇതിനായി ശ്രമിച്ചു. പി. ചിദംബരം വിഴിഞ്ഞം പദ്ധതിക്ക് തടസം നിന്നു. ലോക്സഭയിൽ അദാനിയെ ആക്രമിക്കുന്നവരാണ് ഇവിടെ അദ്ദേഹത്തെ പുകഴ്ത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top