വിദ്യാർത്ഥിയുടെ മുഖത്തടിച്ച സംഭവം; കുറ്റബോധമില്ലെന്ന് അധ്യാപിക, കേസ് പിൻവലിപ്പിക്കാൻ കടുത്ത സമ്മർദ്ദമെന്ന് പിതാവ്, പ്രതികരിക്കാതെ മുഖ്യമന്ത്രി യോഗി

മുസാഫർനഗർ (യുപി): മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം വിദേശ മാധ്യമങ്ങൾ വൻ വാർത്തയാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ വെറുപ്പിന്റെ വിപണികൾ വ്യാപകമാകുന്നുവെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്കൂൾ പ്രിൻസിപ്പലിന്റെ കൂടി ചുമതല വഹിക്കുന്ന തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് ഏഴുവയസ്സുകാരനായ കുട്ടിയോട് ക്രൂരതകാണിച്ചത്. കുട്ടിയെ തല്ലുന്ന വീഡിയോ വൈറലായതോടെ
നേഹ പബ്ലിക് സ്കൂൾ പൂട്ടാൻ സർക്കാർ ഉത്തരവായി. അധ്യാപികയ്‌ക്കെതിരെയെടുത്ത കേസ് പിൻവലിപ്പിക്കാൻ കുട്ടിയുടെ കുടുംബത്തിന് മേൽ കടുത്ത സമ്മർദ്ദവും ചെലുത്തുന്നുണ്ട്. കുട്ടിയുടെ മുഖത്തടിപ്പിച്ചതിൽ തനിക്ക് കുറ്റബോധമില്ലെന്നും തന്റെ പ്രവർത്തിയിൽ ലജ്ജയില്ലെന്നും തൃപ്ത ത്യാഗി പറഞ്ഞു.

ഗ്രാമത്തിലുള്ള ചില പ്രമുഖരും കിസാൻ യൂണിയനും കഴിഞ്ഞ ദിവസം കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പിൻവലിക്കാൻ സമ്മർദം ശക്തമായത്. അധ്യാപിക മനപ്പൂർവം ചെയ്തതല്ലെന്നും ഒത്തു തീർപ്പിലേക്ക് പോകണമെന്നും കിസാൻ യൂണിയൻ നേതാവ് നരേശ്ടിക്കായത്ത് ആവശ്യപ്പെട്ടതായാണ് കുട്ടിയുടെ പിതാവ് പറയുന്നത്. ഗ്രാമത്തലവനും അടുത്ത ഗ്രാമത്തിലുള്ളവരും കേസ് പിൻലിക്കാൻ സമ്മർദ്ദം ശക്തമാക്കിയതോടെ നാട്ടിൽ തുടരാൻ കഴിയുമോ എന്ന ആശങ്കയും പിതാവ് പങ്കുവെക്കുന്നുണ്ട്. മുസ്ലിം വിദ്യാർഥിയെ ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ സഹപാഠികളെക്കൊണ്ട് അധ്യാപിക മുഖത്തടിപ്പിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്.

സംഭവം വിവാദമായതോടെ അധ്യാപികയ്‌ക്കെതിരെ നിസാരവകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. ചോദ്യം ചെയ്യാൻ പോലും വിളിപ്പിച്ചിട്ടില്ല.

മർദനമേറ്റ വിദ്യാർഥിയുടെ കുടുംബത്തെ സന്ദർശിക്കാൻ നരേഷ്ടിക്കായത്തിന്റെ നേതൃത്വത്തിലുള്ള കിസാൻ യൂണിയൻ നേതാക്കൾ കഴിഞ്ഞ ദിവസം വിദ്യാർഥിയുടെ വീട്ടിലെത്തിയിരുന്നു. തല്ലിയ കുട്ടികളെക്കൊണ്ട് മർദനമേറ്റ കുട്ടിയെ ആലിംഗനം ചെയ്യിപ്പിച്ചും ക്ഷമ പറയിപ്പിച്ചുമാണ് കർഷക നേതാക്കൾ മടങ്ങിയത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വെറുപ്പിനെ തോൽപ്പിക്കുന്ന സ്നേഹം എന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ ഇതിനു പിന്നാലെയാണ് ഇത് ഒത്തുതീർപ്പ് നീക്കങ്ങളുടെ ഭാഗമാണെന്ന വാർത്ത പുറത്തു വരുന്നത്. വിദ്യാലയങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നരേഷ്ടിക്കായത്ത് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചിരുന്നു. ലോകത്തെ തന്നെ നടുക്കിയ ഈ സംഭവത്തിൽ യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥോ മറ്റ് ഉന്നത ബിജെപി നേതാക്കളോ ഇതുവരെയും പ്രതികരിക്കുകയോ ഇരയെ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top