കോൺഗ്രസ് 1700 കോടി വീണ്ടും അടയ്ക്കണം; നോട്ടീസ് നൽകി ആദായനികുതി വകുപ്പ്; പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ കരുതിക്കൂട്ടിയുള്ള നീക്കമെന്ന് ആരോപണം

ഡൽഹി: ആദായനികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന് വീണ്ടും തിരിച്ചടി. 1700കോടി രൂപ അടയ്ക്കണം എന്ന് കാണിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. 2017-18 മുതൽ 2020-21 സാമ്പത്തിക വർഷങ്ങളിലെ നികുതിയും പിഴയും പലിശയുമുൾപ്പെടെയാണ് ഈ തുക.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായ നികുതിവകുപ്പ് നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ പുതിയ നീക്കം. 2014 മുതല്‍ 17വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണ്ണയമാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തത്. 520 കോടിയിലധികം നികുതി കോണ്‍ഗ്രസ് അടക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു. ഇതംഗീകരിച്ചാണ് കോടതി കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളിയത്. അക്കൗണ്ടിലുണ്ടായിരുന്ന 115 കോടി രൂപയും തടഞ്ഞുവച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്.

അതേസമയം ആദായനികുതി വകുപ്പിന്റെ നടപടി ജനാധിപത്യ രീതിക്ക് യോജിച്ചതല്ലെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ബിജെപിയും നികുതി അടച്ചതിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാനും പാപ്പരാക്കാനുമുള്ള ബിജെപിയുടെ കരുതിക്കൂട്ടിയുള്ള നീക്കമാണ് നടക്കുന്നതെന്ന് കെ.സി.വേണുഗോപാൽ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top