കോണ്‍ഗ്രസിന്‍റെ അക്കൗണ്ടില്‍ നിന്നും 65 കോടി പിടിച്ചെടുത്തു; 115 കോടി പിഴയുടെ ഒരു ഭാഗമാണിതെന്ന് ആദായനികുതിവകുപ്പ്

ഡല്‍ഹി: കോണ്‍ഗ്രസിന്‍റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിഴ ഈടാക്കി ആദായ നികുതി വകുപ്പ്. 65 കോടി രൂപയാണ് പിഴത്തുകയായി പിടിച്ചെടുത്തത്. 115 കോടി രൂപ പിഴയുടെ ഒരു ഭാഗമാണ് ഈടാക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം. നടപടിക്കെതിരെ കോണ്‍ഗ്രസ് ആദായ നികുതി അപ്പീൽ ട്രിബ്യൂണലിൽ പരാതി നല്‍കി. എന്നാല്‍ പരാതി പരിഗണിക്കുന്നതുവരെ ഈ സ്ഥിതി തുടരാനാണ് ട്രിബ്യൂണലിന്റെ നിർദ്ദേശം.

2018-2019ലെ ആദായനികുതി അടക്കാൻ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനായി 210 കോടി രൂപയാണ് ആദായ നികുതി ആവശ്യപ്പെട്ടത്. അറിയിപ്പ് പോലും നല്‍കാതെയാണ് കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചത്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതോടെയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്. കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കൻ വിഷയം ഉന്നയിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അക്കൗണ്ടുകള്‍ സജീവമാക്കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ അടക്കം നാല് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാര്‍ട്ടിക്ക് വൈദ്യുതി ബിൽ അടയ്ക്കാനോ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ പണമില്ലെന്നും ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും മാക്കന്‍ പറഞ്ഞിരുന്നു. ഇലക്ട്രല്‍ ബോണ്ടിലൂടെ ബിജെപി ആറായിരം കോടി സമാഹരിച്ച ബാങ്ക് അക്കൗണ്ട് നിലനില്‍ക്കുമ്പോഴാണ് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ അടിച്ചമര്‍ത്തുന്ന രീതിയില്‍ നടപടി ഉണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top