75 ദിവസത്തിനിടയില്‍ ക്രൈസ്തവര്‍ക്കെതിരെ 161 അക്രമങ്ങള്‍.; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്നത് ക്രിസ്ത്യന്‍ വേട്ടയെന്ന് യുസിഎഫ്
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും ദേശവ്യാപകമായി ക്രൈസ്തവര്‍ക്കെതിരായുള്ള അക്രമണങ്ങള്‍ ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറ(യു സിഎഫ്)ത്തിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 15 വരെയുള്ള 75 ദിവസങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായി 161 അക്രമ സംഭവങ്ങള്‍ നടന്നതായാണ് യുസിഎഫിന്റെ റിപ്പോര്‍ട്ട്. ജനുവരിയില്‍ 70, ഫെബ്രുവരിയില്‍ 62 മാര്‍ച്ച് 15 വരെ 29 എന്നിങ്ങനെ അക്രമ സംഭവങ്ങള്‍ നടന്നുവെന്നുമാണ് യുസിഎഫിന്റെ ടോള്‍ ഫ്രീ നമ്പറില്‍ ലഭിച്ച സന്ദേശങ്ങള്‍ വ്യക്തമാക്കുന്നത്.
ക്രൈസ്തവരെ സാമൂഹ്യമായി ഒറ്റപ്പെടുത്തുന്നതിലും അവര്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുന്നതിലും മുന്നില്‍ ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡാണ്. ഗ്രാമങ്ങളിലെ കുഴല്‍ക്കിണറുകളില്‍ നിന്ന് ക്രിസ്ത്യാനികള്‍ വെള്ളമെടുക്കുന്നതിന് പോലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവ വിശ്വാസ പ്രകാരമുള്ള മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിന് തീവ്രഹിന്ദു സംഘടനകള്‍ തടസ്സം നില്‍ക്കുകയാണ്. പല ഗ്രാമങ്ങളിലും അക്രമങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ 2022 ല്‍ പലായനം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഛത്തീസ്ഗഡ് കഴിഞ്ഞാല്‍ പിന്നെ ക്രൈസ്തവര്‍ക്കെതിരായ അക്രമത്തില്‍ തൊട്ടു പിന്നില്‍ നില്‍ക്കുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. ഇവിടെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അതിക്രമങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്നുവെന്നാണ് യുസിഎഫിന്റെ ആക്ഷേപം. ഈ വര്‍ഷം മാത്രം 36 ആക്രമണങ്ങള്‍ നടന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യാജ പരാതികളുടെ പേരില്‍ വൈദികര്‍ക്കും പാസ്റ്ററന്മാര്‍ക്കുമെതിരെ 30 ലധികം കേസുകള്‍ മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളുടെ കണക്കുകള്‍:
മധ്യപ്രദേശ് – 14, ഹരിയാന – 10, രാജസ്ഥാന്‍ – 9, ജാര്‍ഖണ്ഡ് – 8, കര്‍ണാടക – 8, പഞ്ചാബ് – 6, ആന്ധ്രപ്രദേശ് – 6, ബീഹാര്‍ – 3, ഗുജറാത്ത് – 3, തമിഴ്‌നാട് – 2, തെലുങ്കാന – 2, ഒഡീഷ – 2
ബംഗാള്‍, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട, ഡല്‍ഹി എന്നിവടങ്ങളില്‍ ഒന്ന് വീതം കേസുകള്‍ റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 15 വരെ 122 ക്രിസ്ത്യാനികളെ മതപരിവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. ഇവരില്‍ വൈദികരും പാസ്റ്ററന്മാരും ഉള്‍പ്പെടുന്നുണ്ട്.
മതധ്രുവീകരണം രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തുവെന്ന് വിമര്‍ശിച്ച് ലത്തീന്‍ അതിരൂപത കഴിഞ്ഞ ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു.
രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നും ഇതിനെതിരായി സഭ നാളെ ( മാര്‍ച്ച് 22) സംസ്ഥാന വ്യാപകമായി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കയാണ്. മതധ്രുവീകരണം രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തുവെന്നും ലത്തീന്‍ സഭ തിരുവനന്തപുരം അതിരൂപതാ മെത്രാപോലീത്ത തോമസ് ജെ നെറ്റോയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്. രാജ്യത്തെ എല്ലാ കത്തോലിക്ക രൂപതകളിലും സഭയ്ക്കും രാജ്യത്തിനും വേണ്ടി ഉപവാസ പ്രാര്‍ത്ഥനയ്ക്കുമുള്ള ദേശീയ ദിനമായി ആചരിക്കാന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ആഹ്വാനം ചെയ്തിട്ടുണ്ട്.
മതസ്വാതന്ത്ര്യത്തെ മാനിക്കുകയും മനുഷ്യാന്തസ് ഉയര്‍ത്തിപ്പിടിക്കുകയും ജനാധിപത്യത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നവര്‍ക്കാക്കാകണം ക്രൈസ്തവര്‍ വോട്ട് ചെയ്യേണ്ടതെന്ന് ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഏഴുവരെ ബംഗലൂരുവില്‍ നടന്ന സിബിസിഐ സമ്മേളനം ആഹ്വാനം ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here