കോവിഡ് ആക്ടീവ് കേസുകള്‍ 1749; ഇന്നലെ 115 കേസുകള്‍; ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നു. ഇന്നലേയും നൂറിന് മുകളിലാണ് രോഗബാധിതരുടെ എണ്ണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇന്നലെ 115 പേര്‍ കോവിഡ് പോസിറ്റീവായി. ഇതോടെ കേരളത്തിലെ ആക്ടീവ് കേസുകള്‍ 1749 ആയി ഉയര്‍ന്നു. രാജ്യത്താകെ 1970 ആക്ടീവ് കേസുകളാണ നിലവിലുളളത്. ആക്ടീവ് കേസുകളില്‍ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടക്കുന്നതും കേരളത്തിലാണ്.
കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ കേന്ദ്രം സംസ്ഥാനത്തെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു. നാളെയാണ് യോഗം ചേരുന്നത്. സംസ്ഥാനങ്ങളിലെ രോഗ വ്യാപനവും പ്രതിരോധ പ്രവര്‍ത്തനവും അവലോകനം ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത് കേരളത്തിന് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിരുന്നു. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധന നടത്തണം. രോഗ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡിന്റെ വകഭേദമായ ജെഎന്‍ 1 ബാധിച്ചയാള്‍ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ജെഎന്‍ 1 സ്ഥിരീകരിച്ചത്.
കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനു പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. നവകേരള സദസ്സിനെ ബാധിക്കുമെന്നതിനാല്‍ കോവിഡ് വ്യാപനത്തെ കുറിച്ച് സര്‍ക്കാര്‍ ഒന്നും മിണ്ടാതിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചിരുന്നു. തമിഴ്നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങള്‍ ജാഗ്രതയോടെ നടപടി സ്വീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നവകേരള സദസ്സ് കഴിയാന്‍ കാത്തിരിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഈ ആരോപണത്തിന് മറുപടി നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here