തുടരുമോ ഇന്ത്യയുടെ പരമാധികാരം; സമ്മാനത്തുകയായി 83 കോടി; ലോക ക്രിക്കറ്റിൻ്റെ ക്ലാസിക് പോരാട്ടം ഇന്ന്
അഹമ്മദാബാദ്: ഓസിനെ മറികടന്ന് ഇന്ത്യ മൂന്നാം ലോകകിരീടം നേടുമോ എന്നറിയാൻ മണിക്കൂറുകൾ മാത്രം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം. ആറാം കിരീടത്തിന് വേണ്ടിയാണ് പതിമൂന്നാം ലോകകപ്പിൻ്റെ കലാശപ്പോരിന് ഓസ്ട്രേലിയ ഇറങ്ങുന്നത്. ടൂർണമെൻ്റിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ ഒന്നില്‍പോലും തോൽവി അറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യയുടെ നാലാമത്തെയും ഓസീസിന്‍റെ ഏഴാമത്തെയും ലോകകപ്പ് ഫൈനലാണിത്.
ടൂര്‍ണമെന്റില്‍ ബാറ്റിംഗിലും ബോളിംഗിലും നടത്തിയ സ്ഥിരതയാർന്ന പ്രകടനം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. ഓസിസിൻ്റെ ബോളിംഗ് നിരയാണ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർന്നുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് ഇത്തവണയും ഫൈനലില്‍ മാനസികമായി മുന്‍തൂക്കമുണ്ട്. കിരീട ഫേവറിറ്റുകള്‍ക്കെതിരെയാണ് കളിക്കുന്നത് എന്ന സമര്‍ദ്ദവും ഇന്ന് ഇരുടീമുകള്‍ക്കും ഉണ്ടാകും. ഇത് ഏത് ടീമിന്റെ പ്രകടനത്തെയാണ് ബാധിക്കുകയെന്നതും നിർണായകമാണ്.
ലീഗ് ഘട്ടത്തിൽ ഓസീസിനെ മുട്ടുകുത്തിച്ചെങ്കിലും ഫൈനലിൽ ഇന്ത്യ കരുതിയായിരിക്കും ഇറങ്ങുക. ഫൈനലുകളിൽ അപ്രതീക്ഷിത മികവാണ് സാധാരണ ഓസിസ് പുറത്തെടുക്കാറുള്ളത്. പ്രാഥമിക ഘട്ടത്തില്‍ ഓസീസിന്റെ പേസ് ബോളിംഗിന് മുന്നില്‍ ഇന്ത്യയുടെ ബാറ്റിംഗ് മുൻനിര പതറിയിരുന്നു. മൂന്ന് വിക്കറ്റുകളാണ് തുടർച്ചയായി ഇന്ത്യക്ക് നഷ്ടമായത്. എന്നാല്‍ വിരാട് കോഹ്‌ലിയുടേയും കെ.എല്‍. രാഹുലിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ ജയിച്ച് കയറുകയായിരുന്നു. എന്നാല്‍ ഫൈനലില്‍ ഇത്തരമൊരു തകര്‍ച്ച നേരിട്ടാല്‍ ഇന്ത്യയ്ക്ക് തിരിച്ചുവരവ് അത്ര എളുപ്പമാവില്ല.
അഹമ്മദാബാദിലേത് സ്ലോ പിച്ചാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കലാശപ്പോരാട്ടത്തില്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാകുമെന്നാണ് ഇത് നൽകുന്ന സൂചനകൾ. അതിനാൽ രവിചന്ദ്ര അശ്വിന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടാവുമോയെന്ന ചോദ്യമാണ് ഇന്ത്യൻ ആരാധകർ ഉയർത്തുന്നത്. ടീമിൽ ആവശ്യമെങ്കിൽ മാറ്റം ഉണ്ടാകുമെന വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശര്‍മ.
ടീമിലെ എല്ലാ താരങ്ങളേയും അന്തിമ ഇലവനിൽ പരിഗണിക്കാൻ സാധ്യതയുണ്ടെന്ന സൂചനയാണ് ഇന്ത്യൻ നായകൻ നൽകിയത്. ടീമിന്റെ പദ്ധതികള്‍ വെളിപ്പെടുത്താന്‍ താൻ ആഗ്രഹിക്കുന്നില്ല. പിച്ചിന്റെ സാഹചര്യം അനുസരിച്ച് ഏത് താരം വേണമെങ്കിലും കളിക്കാം. എല്ലാ താരങ്ങളും തങ്ങളുടെ ഉത്തരവാദിത്തത്തെ ഗൗരവമായിട്ടാണ് കാണുന്നതെന്നും രോഹിത് ശർമ പറഞ്ഞു. ഷമി തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം മനോഹരമായി ഉപയോഗിച്ചു. എല്ലാ ക്രിക്കറ്റ് താരങ്ങളും പ്രൊഫഷണലാണ്. 15 താരങ്ങളില്‍ ആരെ വേണമെങ്കിലും അന്തിമ ഇലവനിൽ ഇറക്കിയേക്കാമെന്നും രോഹിത് കുട്ടിച്ചേർത്തു.
ഈ ലോകകപ്പിൽ അഹമ്മദാബാദിൽ നടന്ന നാല് മത്സരങ്ങളില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്‌തവരാണ് വിജയിച്ചത്. അതിനാൽ ടോസ് നേടുന്നവർ എതിരാളികളെ ബാറ്റിംഗിനിറക്കാനാണ് സാധ്യത. അവസാന മൂന്ന് ഏകദിന ലോകകപ്പ് ഫൈനലുകളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. 2011-ല്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിലാണ് ഇന്ത്യ അവസാന ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം സ്വന്തം നാട്ടിൽ വീണ്ടും കിരീടമുയർത്താൻ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
83 കോടി രൂപയാണ് ലോകകപ്പിൻ്റെ സമ്മാനത്തുകയായി ആകെ ഐസിസി നൽകുന്നത്. ജയിക്കുന്ന ടീമിന് 33 കോടി രൂപ ലഭിക്കും. റണ്ണറപ്പുകളാവുന്ന ടീമിന് 16 കോടിയാണ് സമ്മാനമായി ലഭിക്കുക. സെമിയില്‍ പുറത്തായ ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കും ആറ് കോടി രൂപ വീതം സമ്മാനമായി ലഭിക്കും. ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്,നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്ക് 84 ലക്ഷം രൂപ വീതവും ലഭിക്കും. അവസാന രണ്ട് ലോകകപ്പിലും കിരീടം സ്വന്തമാക്കിയത് ആതിഥേയ ടീമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സ്വന്തം നാട്ടിൽ ഇന്ത്യ കിരീടത്തില്‍ മുത്തമിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here