ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ ജെപിസി അന്വേഷണം വേണം; കടുപ്പിച്ച് ഇന്ത്യ മുന്നണി
സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും ശക്തമായ സമ്മര്‍ദം ഉയര്‍ത്തും. സെബിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് നടന്നിരിക്കുന്നതെന്നും വേണുഗോപാല്‍ ആരോപിച്ചു.
അദാനിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരെയാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത് അതീവ ഗൗരവമായ സംഭവമാണ്. അദാനിയുടെ ഷെല്‍ കമ്പനികളില്‍ ഓഹരി പങ്കാളിത്തം ഉണ്ടെന്ന വലിയ ആരോപണം ഉയര്‍ന്നിട്ടും മാധബി സ്ഥാനത്ത് തുടരുന്നത് അധാര്‍മികമാണ്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് രാജ്യത്തെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. ഈ വിഷയത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഇഡി നോട്ടിസ് അയക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവിടുന്നത്. ഇതുകൊണ്ട് ഒന്നും ഭയപ്പെടുത്താമെന്ന് കരുതേണ്ട. ബിജെപി സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടുക തന്നെ ചെയ്യുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
അദാനിക്ക് പങ്കാളിത്തമുള്ള വിദേശകമ്പനികളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും ഓഹരികള്‍ ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സെബി മേധാവിയായതിന് പിന്നാലെ നിക്ഷേപങ്ങളെല്ലാം ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റി. നിക്ഷേപമുള്ളതിനാലാണ് അദാനിക്കെതിരെ സെബി നടപടികള്‍ സ്വീകരിക്കാത്തതെന്നും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട രണ്ടാം റിപ്പോര്‍ട്ടില്‍ ആരോപിച്ചിട്ടുണ്ട്. തന്റെയും ഭര്‍ത്താവിന്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണെന്നും ഏത് ഏജന്‍സിക്കും ഇത് സംബന്ധിച്ച രേഖകള്‍ കൈമാറാന്‍ തയ്യാറാണെന്നുമാണ് മാധബി പുരി ബുച്ച് പ്രതികരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here