കാര്യവട്ടത്തും വട്ടപൂജ്യമായി ഓസീസ്; ഇന്ത്യയ്ക്ക് വമ്പൻ ജയം
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയെ 44 റൺസിന് തകർത്ത് തരിപ്പണമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു.
ഋതുരാജ് ഗെയ്ക്വാദ് (43 പന്തിൽ 58 റൺസ്), യശസ്വി ജയ്സ്വാൾ (25 പന്തിൽ 53 റൺസ്), ഇഷാൻ കിഷൻ(32 പന്തിൽ 52 റൺസ്) എന്നിവർ അർധ സെഞ്ച്വറി നേടി. ഒൻപത് പന്തുകൾ നേരിട്ട റിങ്കു സിംഗ് 31 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 10 പന്തിൽ 19 റൺസും നേടി. തിലക് വർമ പുറത്താകാതെ രണ്ട് പന്തിൽ നിന്ന് ഏഴ് റൺസും കൂട്ടിച്ചേർത്തു. ഓസീസിനായി നഥാൻ എല്ലിസ് മൂന്ന് വിക്കറ്റും മാർക്കസ് സ്റ്റോണിസ് ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യ ഉയർത്തിയ വമ്പൻ സ്കോർ പിന്തുടർന്ന ഓസ്ട്രേലിയക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. 25 പന്തിൽ 45 റൺസ് നേടിയ മാർക്കസ് സ്റ്റോണിസാണ് ഓസീസ് ബാറ്റിംഗ് നിരയിയിലെ ടോപ് സ്കോറർ. മാത്യൂ വൈഡ് 23 പന്തിൽ പുറത്താകാതെ 42 റൺസും
ടിം ഡേവിഡ് 22 പന്തിൽ 37റൺസും നേടി. ഇന്ത്യക്കായി പ്രദിഷ് കൃഷ്ണ, രവി ബിഷ്ണോയി എന്നിവർ മൂന്ന് വിക്കറ്റ് വീതവും അക്സർ പട്ടേൽ, മുകേഷ് കുമാർ, അർദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ 2 വിക്കറ്റിന് ഓസീസിനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കംഗാരുക്കൾ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി ഇന്ത്യ മറികടന്നു. പരമ്പരയിലെ മൂന്നാം മത്സരം നവംബർ 28 ചൊവാഴ്ച ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിൽ നടക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here