‘പകരം വീട്ടി ഇന്ത്യ’; വാംഖഡെയിൽ ഇന്നും ദീപാവലി

മുംബൈ: 2019ലെ ലോകകപ്പ് സെമി ഫൈനലിലേറ്റ തോൽവിക്ക് കിവീസിനോട് കണക്കുതീർത്ത് ഇന്ത്യ. ഇന്ന് നടന്ന ഒന്നാം സെമിയിൽ 70 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ തകർത്തത്. നാല് വർഷം മുമ്പ് ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് സെമിയിലേറ്റ 18 റൺസിൻ്റെ തോൽവിക്ക് സ്വന്തം നാട്ടിൽ മിന്നുന്ന ജയം സ്വന്തമാക്കിയാണ് ഇന്ത്യ പകരം വീട്ടിയിരിക്കുന്നത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് എന്ന കൂറ്റൻ സ്കോർ അടിച്ചുകൂട്ടി. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും തുടങ്ങി വെച്ച വെടിക്കെട്ട് പിന്നാലെയെത്തിയ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ഏറ്റെടുത്തതോടെ ഇന്ത്യൻ സ്കോർ അനായാസം 350 കടന്നു.

വിരാട് കോഹ്‌ലി (113 പന്തിൽ 117), ശ്രേയസ് അയ്യർ (67 പന്തിൽ 105) എന്നിവരുടെ സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ഗിൽ പുറത്താകാതെ 66 പന്തിൽ 80 റൺസും രോഹിത് 29 പന്തിൽ 47 റൺസും സ്വന്തമാക്കി. കെ.എൽ. രാഹുൽ പുറത്താകാതെ 20 പന്തിൽ 39 റൺസും നേടി. 22.4 ഓവറിൽ കാലിലെ പേശിവലിവ് കാരണം ശുഭ്മാൻ ഗിൽ റിട്ടയേർഡ് ഹർട്ടായി പവലിയനിലേക്ക് മടങ്ങുകയായിരുന്നു.

കിവീസിനായി ടിം സൗത്തി മൂന്ന് വിക്കറ്റും ട്രെന്റ് ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും പത്തോവറിൽ നൂറ് റൺസാണ് സൗത്തി വിട്ടു നൽകിയത്. ബോൾട്ട് പത്തോവറിൽ 86 റൺസ് വഴങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 48.5 ഓവറിൽ 327 റൺസിന് എല്ലാവരും പുറത്തായി. മുപ്പത്തിയൊമ്പത് റൺസിനിടയിൽ ഡിവോൺ കോൺവേയും രചിൻ രവീന്ദ്രയും വീഴ്ത്തി മുഹമ്മദ് ഷമി ഇന്ത്യയുടെ തുടക്കം മികച്ചതാക്കി. മൂന്നാം വിക്കറ്റിൽ കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലും ക്രീസിൽ നിലയുറപ്പിച്ചതോടെ കിവീസ് വൻ തകർച്ചയിൽ നിന്നും കരകയറി. ഒരു ഘട്ടത്തിൽ ന്യൂസിലൻഡ് ലക്ഷ്യം മറികടക്കുമോ എന്ന ആശങ്ക ഇരുവരും ഇന്ത്യൻ ആരാധകർക്ക് സമ്മാനിച്ചു.

33.2 ഓവറിൽ 2 ന് 220 റൺസ് എന്ന ശക്തമായ നിലയിൽ നിന്നും വില്യംസണെ വീഴ്ത്തി ഷമി വീണ്ടും നീലപ്പടയുടെ രക്ഷകനായി. 73 പന്തിൽ 69 റൺസാണ് താരം നേടിയത്. അതേ ഓവറിൽ തന്നെ ടോം ലാഥത്തെ പുറത്താക്കി ഷമി വീണ്ടും ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. പിന്നീടെത്തിയ ഗ്ലെൻ ഫിലിപ്പുമായി ചേർന്ന് മിച്ചൽ പോരാട്ടം തുടർന്നതോടെ മത്സരം എവിടേക്കും തിരിയാവുന്ന നിലയിലായി. 42.5 ഓവറിൽ സ്കോർ 295 ന് 5 എന്ന നിലയിൽ നിൽക്കേ ഫിലിപ്പിനെ ജസ്പ്രിത് ബുംറ മടക്കി. പിന്നാലെ സെഞ്ച്വറിയുമായി മുന്നേറിക്കൊണ്ടിരുന്ന മിച്ചലിനെ ഷമി രവീന്ദ്ര ജഡേജയുടെ കൈകളിൽ എത്തിച്ചതോടെ മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി മാറി. 119 പന്തിൽ നിന്നും 134 റൺസാണ് മിച്ചൽ അടിച്ചുകൂട്ടിയത്. പിന്നാലെ വന്നവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയാതെ വന്നതോടെ കീവീസ് തോൽവി ഉറപ്പിക്കുകയായിരുന്നു. ഏഴ് കിവീസ് വിക്കറ്റുകൾ പിഴുത മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ജസ്പിത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്നത്തെ മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. ഇന്ന് എകദിന സെഞ്ചറികളുടെ എണ്ണത്തിൽ അർദ്ധ സെഞ്ച്വറിയാണ് കിംഗ് കോഹ്‌ലി കുറിച്ചത്. ഇതോടെ എകദിനത്തിൽ എറ്റവും കൂടുതൽ സെഞ്ച്വറിയെന്ന മാസ്റ്റർ ബ്ലാസ്റ്ററ്റർ സച്ചിൻ തെൻഡുൽക്കറുടെ (49) റെക്കോർഡ് താരം മറികടന്നു.

ഈ ലോകകപ്പിലെ ഉയർന്ന റൺവേട്ടക്കാരനെന്ന നേട്ടവും നിലവിൽ കോഹ്‌ലിക്കാണ്. 711 റൺസാണ് പത്ത് മത്സരങ്ങളിൽ നിന്നും കോഹ്‌ലി അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന സച്ചിൻ്റെ മറ്റൊരു റെക്കോർഡും താരം ഇന്ന് മറികടന്നു. 2003 ലോകകപ്പിൽ സച്ചിൻ കുറിച്ച 673 റൺസെന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ഒരു ഏകദിന ലോകകപ്പ് ടൂർണമെന്റിൽ 8 തവണ അമ്പതിലേറെ റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കി.

നവംബർ 16 ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇതുവരെ കിരീടം നേടാത്ത ദക്ഷിണാഫ്രിക്കയെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. ഫൈനൽ നവംബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top