സ്വർണം ചൂടി പെൺപട; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ രണ്ടാം സ്വർണം സ്വന്തമാക്കി ഇന്ത്യ. വനിതാ ക്രിക്കറ്റിലാണ് ഇന്ത്യയുടെ രണ്ടാം സുവർണ നേട്ടം. ഫൈനലിൽ 19 റൺസിന് ശ്രീലങ്കയെ തകർത്താണ് ഇന്ത്യ വിജയം നേടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടി. മറുപടി ബാറ്റിംഗിനിംറങ്ങിയ ലങ്കൻ വനിതകൾക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് നേടാനെ കഴിഞ്ഞുള്ളു. 46 റൺസ് നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ജമീമ റോഡ്രിഗസ് 42 റൺസ് നേടി. തുടക്കത്തിൽ തന്നെ ഷഫാലി വമ്മയുടെ (9) വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ സ്മൃതിയും ജമീമയും ചേർന്ന 73 റൺസ് കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെത്തിക്കുകയായിരുന്നു.ശ്രീലങ്കയ്ക്കായി ഉദേശിക പ്രബോധിനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവര്‍ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

22 പന്തിൽ 25 റൺസെടുത്ത ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ടിറ്റസ് സിദ്ധു 3 വിക്കറ്റുകൾ വീഴ്ത്തി. നാല് ഓവറുകൾ പന്തെറിഞ്ഞ താരം റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. രാജേശ്വരി ഗെയ്‍‍ക്‌‍വാദ് രണ്ടും ദീപ്തി ശർമ, പൂജ വസ്ത്രകാർ, ദേവിക വൈദ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായി. മലയാളി താരം മിന്നു മണിക്ക് ഫൈനൽ മത്സരത്തിലും പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചില്ല.

ഇന്ന് രണ്ട് സ്വര്‍ണവും നാല് വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഇതോടെ ആകെ മെഡൽ നേട്ടം പതിനൊന്നായി. നിലവിൽ ആകെ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യൻ അക്കൗണ്ടിലുള്ളത്. ഇന്ത്യ നിലവിൽ മെഡൽ പട്ടികയിൽ ആറാം സ്ഥാനത്താണ്. 32 സ്വർണവും 13 വെള്ളിയും 5 വെങ്കലവുമടക്കം 50 മെഡലുകൾ നേടിയ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 6 സ്വർണവും 7 വെളളിയും 9 വെങ്കലവുമടക്കം ആകെ 22 മെഡൽ സ്വന്തമായി യ കൊറിയയാണ് രണ്ടാം സ്ഥാനത്ത്. നാല് സ്വർണ്ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 11 മെഡൽ നേടിയ ഉസ്ബെക്കിസ്ഥാനാണ് മെഡൽ പട്ടികയിൽ മൂന്നാമത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top