‘ഇന്ത്യ ആരെയും ഭയക്കാത്ത സ്വതന്ത്ര ശക്തി’; സ്വാതന്ത്ര്യം എന്നത് നിഷ്പക്ഷതയായി കരുതരുതെന്നും ലോകശക്തികൾക്ക് താക്കീത്
ഇന്ത്യ ആർക്കും വിധേയരാവില്ലെന്ന് അടിയവരയിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആരെയും ഭയക്കാതെ ദേശീയ താൽപ്പര്യത്തിനും ആഗോള നന്മയ്‌ക്കുമായി ശരിയായത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ തീരുമാനങ്ങളെ വീറ്റോ ചെയ്യാൻ ആരെയും അനുവദിക്കില്ല. ഞങ്ങളുടെ തീരുമാനം അവരെ അടിച്ചേൽപ്പിക്കാനോ അനുസരിപ്പിക്കാനോ ശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിൽ നടന്ന ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി നാഷണൽ എമിനൻസ് അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവൽക്കരണ കാലത്ത് സാങ്കേതികവിദ്യയും പാരമ്പര്യവും ഒരുമിച്ച് മുന്നേറണമെന്ന് വിദേശകാര്യ മന്ത്രി അടിവരയിട്ടു. ഇന്ത്യ പുരോഗമിക്കേണ്ടത് അനിവാര്യമാണ്. അത് സംഭവിക്കുക തന്നെ ചെയ്യും. പക്ഷേ അത് അതിൻ്റെ ഭാരതീയത (Indianness) നഷ്ടപ്പെടാതെ വേണം പുരോഗതി കൈവരിക്കേണ്ടത്. എങ്കിൽ മാത്രമേ നമുക്ക് ഒരു ബഹുധ്രുവലോകത്തിലെ ഒരു മുൻനിര ശക്തിയായി ഉയർന്നുവരാൻ കഴിയൂവെന്നും ജയശങ്കർ പറഞ്ഞു. യുവതലമുറ രാജ്യത്തിൻ്റെ പൈതൃകത്തിൻ്റെ മൂല്യത്തെയും പ്രാധാന്യത്തെയും കുറിച്ച് പൂർണ്ണമായി ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യ ഇന്ന് ഒരു നിർണായക ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ദാരിദ്ര്യം, വിവേചനം, അവസരങ്ങളുടെ അഭാവം തുടങ്ങിയ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിച്ചു. ലോകരാജ്യങ്ങൾക്ക് ഇടയിൽ ഇന്ത്യ ഒരു സ്വതന്ത്ര ശക്തിയായി ഇതിനോടകം അടയാളപ്പെടുത്തി കഴിഞ്ഞു. എന്നാൽ സ്വാതന്ത്ര്യം എന്നതിനെ നിഷ്പക്ഷതയായി ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആഗോള നന്മയ്ക്കായി പ്രതിജ്ഞാബദ്ധനായ നിർണായക ശക്തിയായി ഇന്ത്യ മാറിയെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here