ഇന്ത്യയെ പരസ്യമായി കുറ്റപ്പെടുത്തിയത് കാനഡയുടെ വലിയ തെറ്റ്; ബന്ധം വഷളായാല്‍ ഇരു രാജ്യങ്ങള്‍ക്കും തിരിച്ചടി; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവിയും പ്രതിസന്ധിയിലാകും

തിരുവനന്തപുരം: തെറ്റായ സംഭവങ്ങളാണ് ഇന്ത്യാ-കാനഡ ബന്ധത്തില്‍ സംഭവിക്കുന്നതെന്ന് പ്രമുഖ നയതന്ത്രജ്ഞന്‍ ടി.പി.ശ്രീനിവാസന്‍. ഇരു രാജ്യങ്ങളും നയതന്ത്രപ്രതിനിധികളെ പുറത്താക്കിയ സംഭവത്തില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിക്കുകയായിരുന്നു ശ്രീനിവാസന്‍. ഇന്ത്യയെ പരസ്യമായി കുറ്റപ്പെടുത്തിയത് കാനഡയുടെ ഭാഗത്ത് നിന്നും വന്ന വലിയ തെറ്റാണ്. ജി 20യില്‍ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിമാര്‍ സംസാരിച്ചതാണ്. വാദപ്രതിവാദങ്ങളും നടന്നു. കാനഡ പ്രധാനമന്ത്രിയുടെ തിടുക്കപ്പെട്ട നീക്കങ്ങളാണ് പ്രശ്നം വഷളാക്കിയത്.

ഖലിസ്ഥാന്‍ നേതാവിന്റെ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പറയുകയും ഇന്ത്യന്‍ പ്രതിനിധിയെ പുറത്താക്കുകയും ചെയ്തതോടെയാണ് കാനഡ നയതന്ത്ര പ്രതിനിധിയെ പുറത്താക്കാനുള്ള തീരുമാനം ഇന്ത്യയും കൈക്കൊണ്ടത്. ഈ നീക്കങ്ങള്‍ക്ക്‌ ശേഷം പ്രശ്നം തണുക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. ബന്ധം വഷളായാല്‍ ഇരു രാജ്യങ്ങള്‍ക്കും തിരിച്ചടി ലഭിക്കും. ഇന്ത്യയും കാനഡയും തമ്മില്‍ ബിസിനസ് ബന്ധങ്ങളുണ്ട്. കാനഡയില്‍ ന്യൂനപക്ഷ സര്‍ക്കാരാണ്. അതില്‍ സിഖുകാര്‍ക്ക് നിര്‍ണായക റോളുകളുണ്ട്. അതുകൊണ്ടാണ് ഈ രീതിയില്‍ കാനഡ സര്‍ക്കാരിനു തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നത്.

കാനഡ ഉയര്‍ത്തിയതുപോലെ ഒരു ആരോപണം ഇന്ത്യയ്ക്ക് എതിരെ വന്നിട്ടില്ല. ഇസ്രയേല്‍, സൗദി എന്നീ രാജ്യങ്ങള്‍ക്ക് എതിരെ ഇത്തരം ആരോപണങ്ങള്‍ വന്നിട്ടുണ്ട്. കാനഡ തെളിവുകള്‍ പുറത്ത് വിടുകയാണെങ്കില്‍ പ്രശ്നം വേറൊരു തലത്തിലേക്ക് നീങ്ങും. ധാരാളം വിദ്യാര്‍ഥികള്‍ കാനഡയിലുണ്ട്. പ്രശ്നങ്ങള്‍ അവരെ ബാധിച്ചേക്കും.

ഖലിസ്ഥാന്‍-കാനഡ പ്രശ്നങ്ങള്‍ക്ക് ഏറെ വര്‍ഷത്തെ പഴക്കമുണ്ട്. എയര്‍ ഇന്ത്യാ വിമാനം തകര്‍ത്തത് ഖലിസ്ഥാന്‍ വാദികളാണ്. പഞ്ചാബില്‍ ഖലിസ്ഥാന്‍ മൂവ്മെന്റ് നിലവിലില്ല. പക്ഷെ ഇന്ത്യയ്ക്ക് പുറത്തുണ്ട്. യുഎസ്, യുകെ, കാനഡ രാജ്യങ്ങളിലാണ് അവരുടെ സാന്നിധ്യമുള്ളത്. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ ഇവര്‍ ആക്രമിച്ചിട്ടുണ്ട്. ഇതെല്ലാമാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നത്-ശ്രീനിവാസന്‍ പറയുന്നു.

ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകമാണ് ഇന്ത്യാ കാനഡ ബന്ധത്തില്‍ പുകയുന്നത്. ഇന്ത്യയുടെ പങ്ക് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ കാനഡ പുറത്താക്കി. കനേഡിയന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കി ഇന്ത്യയും തിരിച്ചടിച്ചു. ഇന്ത്യാ-കാനഡ ബന്ധത്തില്‍ എന്ത് സംഭവിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top