ടിബറ്റില്‍ ‘ജലബോംബു’മായി ചൈന; ഭീഷണിക്ക് അരുണാചലില്‍ മറുപടിയുമായി ഇന്ത്യയും; വീണ്ടും പുകഞ്ഞ് അതിര്‍ത്തി ഗ്രാമങ്ങള്‍
ടിബറ്റിലെ യാർലുങ് സാങ്‌പോയിൽ 60,000 മെഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പണിയാന്‍ ചൈന തയ്യാറെടുക്കുമ്പോള്‍ മറുപടിയായി മറ്റൊരു ഡാം പണിയാന്‍ ഇന്ത്യയും തയ്യാറെടുക്കുന്നു. അരുണാചലില്‍ അനുഭവപ്പെടാന്‍ പോകുന്ന ജലദൗര്‍ബല്യത്തിനും ചൈന ഡാം തുറന്നിട്ടാല്‍ വരുന്ന കെടുതികള്‍ക്കും പരിഹാരമായാണ് സിയാങ് അപ്പർ മൾട്ടി പർപ്പസ് പ്രോജക്റ്റ് (എസ് യുഎംപി) എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുന്നത്. ചൈനയുടെ തന്ത്രപരമായ നീക്കത്തിന് തക്കമറുപടി നല്‍കാനാണ് ഇന്ത്യന്‍ നീക്കം.
ടിബറ്റില്‍ ചൈന അണക്കെട്ട് വരുമ്പോള്‍ മേഖലയിലെ എല്ലാ പ്രത്യാഘാതങ്ങളെയും പ്രതിരോധിക്കാനും ബ്രഹ്മപുത്രയുടെ പോഷക നദിയായ സിയാങ്ങിനെ സംരക്ഷിക്കാനും അത്യന്താപേക്ഷിതമാണ് ഡാം എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രോജക്ടുമായി ഇന്ത്യ മുന്നോട്ടുപോകുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലൂടെയാണ് ബ്രഹ്മപുത്ര ഒഴുകുന്നത്. അരുണാചൽ പ്രദേശിന് സമീപമുള്ള ടിബറ്റൻ പീഠഭൂമിയുടെ കിഴക്കൻ അരികിലുള്ള ചൈനയുടെ പദ്ധതി ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നതാണ്. ബ്രഹ്മപുത്രയുടെ ഒഴുക്ക് ഡാം വന്നാല്‍ തടസപ്പെടും. വടക്കുകിഴക്കൻ ഇന്ത്യയിലെ കാർഷിക-കുടിവെള്ളം-വ്യാവസായിക മേഖലയ്ക്ക് നിര്‍ണായകമാണ് ഈ നദി.
സിയാങ് ജലവൈദ്യുതി പദ്ധതിക്ക് എതിരെ അരുണാചലില്‍ അതൃപ്തി പുകയുന്നുണ്ട്. പുഴയോരത്തുള്ള ഭൂമിയാണ് ഉപജീവനമാർഗം. ഒരിക്കൽ അത് വെള്ളത്തിനടിയിലായാൽ എല്ലാം നഷ്ടപ്പെടുമെന്നാണ് ഗ്രാമവാസികളുടെ ഭീതി. ആശങ്ക അകറ്റാന്‍ അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു കഴിഞ്ഞ ആഴ്ച സിയാങ് ജില്ലയുടെ ആസ്ഥാനമായ ബോലെങ്ങില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സിയാങ് പ്രോജക്റ്റിനും അതിന്‍റെ റിസർവോയറിനും സാങ്‌പോയിലെ ജലദൗർലഭ്യം പരിഹരിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
“സിയാങ്ങിന്‍റെ അണക്കെട്ടല്ല ടിബറ്റിലെ അണക്കെട്ടാണ് ആദിവാസി സമൂഹത്തിന് യഥാർത്ഥ അസ്തിത്വ ഭീഷണി. ചൈനീസ് ഡാമിന്റെ പ്രത്യാഘാതങ്ങൾ അസമിലെ ബ്രഹ്മപുത്രയ്ക്കും ബംഗ്ലാദേശിനും ഭീഷണിയാണ്. ചൈന ഒരു ദിവസം ഡാമിലെ വെള്ളം തുറന്നുവിട്ടാൽ, അത് ട്യൂട്ടിംഗ് മുതൽ പാസിഘട്ട് വരെ കനത്ത നാശമുണ്ടാക്കും. പാസിഘട്ട് പട്ടണത്തിന് മുകളിലൂടെ 15 മീറ്ററോളം വെള്ളം ഒഴുകും. ഗുവാഹത്തിയും വെള്ളത്തിനടിയിലാകും. ഇന്ത്യയുടേത് ഒരു ജലവൈദ്യുത പദ്ധതി മാത്രമല്ല, സിയാങ് നദിക്കും ആദിവാസി സമൂഹത്തിന്റെയും ഭാവിക്ക് വേണ്ടിയുള്ള നീക്കമാണ്.” മുഖ്യമന്ത്രി പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here