ചൈനയെ മുട്ടുകുത്തിച്ച് മോദി-ഡോവല്‍- ജയശങ്കര്‍ നീക്കങ്ങള്‍; ഇന്ത്യ-ചൈന അതിര്‍ത്തി കരാറിന് പിന്നിലെന്ത്

പരസ്പര അവിശ്വാസമാണ് ഇന്ത്യ-ചൈന ബന്ധത്തിന്റെ മുഖമുദ്ര. ചൈന ഇന്ത്യയെ വിശ്വസിച്ചാലും ഇന്ത്യ ചൈനയെ വിശ്വസിക്കില്ല. നിനച്ചിരിക്കാതെയുള്ള 1962ലെ ചൈനീസ് ആക്രമണം അത്രത്തോളം ഇന്ത്യന്‍ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇന്ത്യ-ചൈന ഭായി ഭായി മുദ്രാവാക്യം ഈ ആക്രമണത്തിനു ശേഷം പിന്നീട് ഒരിക്കലും ഇന്ത്യയില്‍ മുഴങ്ങിയില്ല.

2017ലെ ഡോക്ലാമില്‍ രണ്ടുമാസത്തിലധികം ഇന്ത്യാ, ചൈനാ സൈനികര്‍ യുദ്ധസജ്ജരായി മുഖാമുഖം നിന്നിരുന്നു. ചൈനയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കു മുമ്പ് ആണ് പ്രശ്‌നം പരിഹരിച്ചത്. പിന്നീട് ബന്ധം വഷളാകാന്‍ കാരണമായത് ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷമാണ്. 2020ലാണ് ഇരുരാജ്യങ്ങളിലെയും സൈനികര്‍ ആയുധമില്ലാതെ ഏറ്റുമുട്ടിയത്. ഇന്ത്യയുടെ 20 ജവാന്‍മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ ചൈനീസ് പക്ഷത്തും നിരവധി പേര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ഇതിന്റെ വ്യക്തമായ വിവരങ്ങള്‍ ചൈന പുറത്തുവിട്ടില്ല.

സംഘര്‍ഷം ഇന്ത്യ-ചൈന വ്യാപാര ബന്ധത്തെയും ബാധിച്ചു. ഇപ്പോള്‍ ചൈന ഇന്ത്യയുമായി സഹകരണത്തിന് ഒരുങ്ങുകയാണ്. ഇന്ത്യയിലെ കടന്നുകയറ്റം അവസാനിപ്പിക്കാന്‍ ചൈന തയ്യാറായിരിക്കുകയാണ്. 2020നു മുമ്പുള്ള അവസ്ഥയിലേക്ക് സൈനികര്‍ പിന്‍വാങ്ങുകയാണ് എന്നാണ് വിദേശമന്ത്രി ജയശങ്കര്‍ അറിയിച്ചത്.

കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍, ചൈനയുടെ വിദേശമന്ത്രി വാങ് യീയെ കണ്ടു സംസാരിച്ചു. പിന്നീട് ലാവോസില്‍ വച്ചും കൂടികണ്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ മാസം റഷ്യയില്‍ വെച്ച് വാങ് യീയെ കണ്ടു സംസാരിച്ചു. മോദി-ഡോവല്‍- ജയശങ്കര്‍ നീക്കങ്ങള്‍ ശക്തമായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തന്ത്രപരമായി അനുരഞ്ജനത്തിനായി കരുക്കള്‍ നീക്കി. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങുമായുള്ള വ്യക്തിപരമായുള്ള സൗഹൃദമാണ് പുടിന്‍ ഉപയോഗിച്ചത്. ആര്‍ട്ടിക് സമുദ്രം വഴിയുള്ള ഉത്തര സമുദ്രപാത വികസിപ്പിക്കാന്‍ ചൈനയുടെയും ഇന്ത്യയുടെയും പിന്തുണ പുടിന് വേണം.

നാലര വര്‍ഷം നീണ്ട അതിര്‍ത്തി സംഘര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ ഇന്ത്യ-ചൈന മഞ്ഞുരുക്കം തുടങ്ങുന്നത്. ഇന്ത്യയുടെ നയതന്ത്രരംഗത്തെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായാണ് ചൈനയുടെ ഈ പിന്മാറ്റം വിലയിരുത്തപ്പെടുന്നത്. 21 തവണ സൈനിക തല ചര്‍ച്ചകളും 17 തവണ നയതന്ത്ര ചര്‍ച്ചകളും നടത്തിയ ശേഷമാണ് പുതിയ കരാറില്‍ എത്തിയത്. അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ വ്യാപാര ചര്‍ച്ച പുനരാരംഭിക്കുകയുള്ളൂ എന്നാണ് ഇന്ത്യ ചൈനയെ അറിയിച്ചത്. ഈ തീരുമാനം തന്നെയാണ് ഒടുവില്‍ വിജയിച്ചതും.

ചൈനയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി ഇന്ത്യയാണ്. ഏതാണ്ട് 118.4 ബില്ല്യന്‍ ഡോളര്‍ വ്യാപാരമാണ് നടക്കുന്നത്. അമേരിക്ക പോലും രണ്ടാമതാണ്. ചൈന-അമേരിക്ക വ്യാപാരം 118.3 ബില്ല്യന്‍ ഡോളര്‍ ആണ്. അമേരിക്കയില്‍ ട്രംപ് ജയിച്ചാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത നികുതി ചുമത്താനുള്ള സാധ്യത നിലനില്‍ക്കുന്നുമുണ്ട്.

ഇന്ത്യയ്ക്ക് ആണെങ്കില്‍ അമേരിക്കന്‍ നീക്കങ്ങള്‍ തലവേദനയാകുന്നുണ്ട്. മുഹമ്മദ് യൂനുസിനെ മുന്‍ നിര്‍ത്തി ബംഗ്ലാദേശില്‍ പാവ സര്‍ക്കാരിനെ വാഴിച്ചത് അമേരിക്കയാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക പരസ്യമായി ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. പ്രശ്നത്തില്‍ കാനഡയ്ക്ക് അനുകൂലമായാണ് അമേരിക്ക നിലപാട് എടുത്തത്. നയതന്ത്രതലത്തില്‍ ഒരിക്കലും നടക്കില്ലെന്ന് കരുതുന്ന ഒരടുപ്പത്തിലാണ് തന്ത്രപരമായി ഇന്ത്യയും ചൈനയും ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യ-റഷ്യ-ചൈന നീക്കം ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്നത് അമേരിക്കയ്ക്ക് ആണ്. അമേരിക്കന്‍ നീക്കങ്ങള്‍ കാത്തിരുന്നു കാണേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top