ചരിത്ര സെഞ്ച്വറി പാഴായില്ല; വീണ്ടും വിരാട് കോഹ്‌ലിയുടെ ചിറകിലേറി ഇന്ത്യ

കൊൽക്കത്ത: എകദിന ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യൻ മുന്നേറ്റം തുടരുന്നു. പ്രോട്ടീസിനെ 243 റൺസിനാണ് ഇന്ന് നീലപ്പട തകർത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടി. വിരാട് കോഹ്‌ലിയുടെ ചരിത്ര സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 83 റൺസിന് എല്ലാവരും പുറത്തായി.

സ്പിന്നർ രവീന്ദ്ര ജഡേജയാണ് പ്രോട്ടീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ല് തകർത്തത്. ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ മുൻനിര ബാറ്റ്സ്മാൻമാരെ ആരെയും പതിനഞ്ച് റൺസ് കടക്കാൻ ഇന്ത്യൻ ബോളർമാർ അനുവദിച്ചില്ല. 14 റൺസ് നേടിയ ഏഴാമൻ മാർക്കോ ജാൻസനാണ് പ്രോട്ടിസ് നിരയിലെ ടോപ് സ്കോറർ.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ​ മികച്ച തുടക്കം സമ്മാനിച്ചു. ഒന്നാം വിക്കറ്റിൽ 5.5 ഓവറിൽ ടീം സ്‌കോർ 62ൽ എത്തി നിൽക്കേ രോഹിത് പുറത്തായി. പതിവ് ശൈലിയിൽ ആക്രമിച്ച് കളിച്ച രോഹിത് 24 പന്തിൽ 40 റൺസ് നേടി. ഗിൽ 23 റൺസ് നേടി പുറത്താകുമ്പോൾ ഇന്ത്യ 93 റൺസിൽ എത്തിയിരുന്നു. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യർ- വിരാട് കോഹ്‌ലി സഖ്യം 134 റൺസാണ് അടിച്ചുകൂട്ടിയത്. ശ്രേയസ് അയ്യർ 87 പന്തിൽ 77 റൺസ് നേടി. 121 പന്തുകൾ നേരിട്ട കോഹ്‌ലി 101 റൺസുമായി പുറത്താകാതെ നിന്നു.

ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡിനൊപ്പമെത്താൻ ഇന്നത്തെ സെഞ്ച്വറിയിലൂടെ കോഹ്‌ലിയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ലുങ്കി എങ്കിഡി, കാഗിസോ റബാഡ, കേശവ് മഹാരാജ്, മാർക്കോ യാൻസൻ, ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top