ധരംശാലയിൽ ലീഡ് ഉയർത്തി ഇന്ത്യ; അരങ്ങേറ്റം മികച്ചതാക്കി കേരളത്തിന്റെ സ്വന്തം ദേവ്ദത്ത് പടിക്കൽ

ധരംശാല: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തില്‍ രണ്ടാം ദിനവും ഇന്ത്യ മികച്ച ഫോമിൽ. ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ആരംഭിച്ചത്. കളി അവസാനിക്കുമ്പോൾ 120 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 444 റൺസ് നേടിയിട്ടുണ്ട്. 255 റൺസിന്റെ ലീഡിലാണ് ഇന്ത്യ. 103 റൺസ് എടുത്ത ക്യാപ്റ്റൻ രോഹിത് ശർമയും 110 റൺസ് എടുത്ത ശുഭ്മൻ ഗില്ലും ചേർന്നാണ് ഇന്ത്യയുടെ ലീഡ് ഉയർത്തിയത്.

അരങ്ങേറ്റ മത്സരത്തിൽ ദേവ്ദത്ത് പടിക്കൽ മികച്ച പ്രകടനം കാഴ്ചവച്ചത് മലയാളികൾക്ക് അഭിമാനമായി . 103 ബോളിൽ 65 റൺസാണ് ദേവ്ദത്ത് നേടിയത്. സർഫറാസ് ഖാനും അർദ്ധ സെഞ്ച്വറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ഷുഐബ് ബഷീർ നാലും ടോം ഹാർഡ്‍ലി രണ്ടും ബെൻ സ്റ്റോക്‌സ്, ജെയിംസ് ആൻഡേഴ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്നലെ ആരംഭിച്ച അഞ്ചാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റൺസ് എടുത്ത് പുറത്തായിരുന്നു. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് അഞ്ചും രവിചന്ദ്രൻ അശ്വിൻ നാലും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രൗളി 79 റണ്‍സ് എടുത്തു. 108 ബോളിലാണ് ക്രൗളിയുടെ നേട്ടം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എടുത്തെങ്കിലും പിന്നീട് കാലിടറി. 218 റണ്‍സ് ആകുമ്പോഴേക്കും ബാക്കി ഒന്‍പത് വിക്കറ്റ് നഷ്ടമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top