ഇന്ത്യയില്‍ മുസ്ലീംങ്ങളെ ലക്ഷ്യമിട്ടുള്ള മതവിദ്വേഷ പ്രസംഗങ്ങള്‍ വര്‍ദ്ധിക്കുന്നു; ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് പഠന റിപ്പോര്‍ട്ട്
ഡല്‍ഹി : അമേരിക്കയിലെ വാഷിംഗ്ഡണ്‍ ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് എന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ മതവിദ്വേഷ പ്രസംഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. മതന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്ലീങ്ങളെ ലക്ഷ്യം വച്ചുളള പ്രസംഗങ്ങളാണ് ഇതില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2023 ലെ കണക്കുകളാണ് സംഘടന പുറത്തു വിട്ടിരിക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്ത് 668 മതവിദ്വേഷ പ്രസംഗങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തല്‍.
2023ലെ ആദ്യ പകുതിയില്‍ 255 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രണ്ടാം പകുതിയില്‍ അത് 413 ആയി ഉയര്‍ന്നു. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 668 മതവിദ്വേഷ പ്രസംഗങ്ങളില്‍ 498 ഉം നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. മുസ്ലീംങ്ങള്‍ക്കും മുസ്ലീം ആരാധാനാലയങ്ങള്‍ക്കു നേരെയാണ് ഈ പ്രംസംഗങ്ങളില്‍ പരാമര്‍ശങ്ങളുളളത്. ലൗ ജിഹാദ്, ഹലാല്‍, ജനസംഖ്യാ ജിഹാദ് തുടങ്ങിയ പരാമര്‍ശങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. 239 പ്രസംഗങ്ങള്‍ മുസ്ലീങ്ങളെ നേരിട്ട് ആക്രമിക്കുന്നത് പരാമര്‍ശിച്ചുള്ളതാണെന്നും 420 സംഭവങ്ങള്‍ ലൗ ജിഹാദ് അടക്കം ഉയര്‍ത്തിയുള്ളതും 169 എണ്ണം മുസ്ലീം ദേവാലയങ്ങളെ ലക്ഷ്യമിട്ടുള്ളതുമാണെന്നാണ് കണക്കുകള്‍ പറയുന്നത്.
മഹാരാഷ്ട്രയിലാണ് 2023 കാലയളവില്‍ ഇത്തരം മതവിദ്വേഷ പ്രസംഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര (118), ഉത്തര്‍പ്രദേശ് (104), മധ്യപ്രദേശ് (65), രാജസ്ഥാന്‍ (64), ഹരിയാന (48), ഉത്തരാഖണ്ഡ് (41), കര്‍ണാടക (40), ഗുജറാത്ത് (31), ഛത്തീസ്ഗഡ് (21), ബീഹാര്‍ ( 18) എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങള്‍. ബിജെപി നേതാക്കള്‍ നേരിട്ട് ഉള്‍പ്പെട്ട ഇത്തരം സംഭവങ്ങള്‍ കുറവാണെങ്കിലും സംഘപരിവാര്‍ പശ്ചാത്തലമുള്ള സംഘടനകളായ വിശ്വ ഹിന്ദു പരിഷത്തും, ബജ്‌റംഗ്ദളുമാണ് മുന്നിലുളളത്. ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം പോലും മുസ്ലീങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താന്‍ ഉപയോഗിച്ചുവെന്നാണ് ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പൊതു തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ സംഘടന പുറത്തു വിട്ടത്. ഇന്ത്യ ഹേറ്റ് ലാബിന്റെ വെബ്‌സൈറ്റിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here