മുംബൈയിലും മുന്നിൽ കിവീസ്; മൂന്നാം ടെസ്റ്റിലും അടിപതറി ഇന്ത്യ

മുംബൈയിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യ പതറുന്നു. ആദ്യ ദിനം കളിയവസാനിച്ചപ്പോള്‍ 86-4 എന്ന നിലയിലാണ് ഇന്ത്യ. കിവീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാള്‍ 149 റണ്‍സ് പിന്നിലാണ് നിലവിൽ ആതിഥേയര്‍.
38 പന്തില്‍ 31 റണ്‍സുമായി ശുഭ്‌മാൻ ഗില്ലും ഒരു റണ്‍ നേടിയ റിഷഭ് പന്തുമാണ് ക്രീസില്‍. ന്യൂസിലൻഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ രണ്ട് വിക്കറ്റ് നേടി. മാറ്റ്‌ ഹെൻറിയും ഒരു വിക്കറ്റ് സ്വന്തമാക്കി.

വാങ്കഡേ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ കിവീസിനെ 235 റണ്‍സിന് ഇന്ത്യ പുറത്താക്കിയിരുന്നു. അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും നാല് വിക്കറ്റ് നേടിയ വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നായിരുന്നു കിവീസിനെ എറിഞ്ഞിട്ടത്. ന്യൂസിലൻഡ് നിരയിലെ നിരയിലെ ഏഴ് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. 82 റണ്‍സ് നേടിയ ഡാരില്‍ മിച്ചലിന്‍റെയും 71 റണ്‍സ് നേടിയ വില്‍ യങ്ങിന്‍റെയും പ്രകടനങ്ങളായിരുന്നു കിവീസിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.


മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയും തകർച്ച നേരിടുകയാണ്. എഴാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശര്‍മ മടങ്ങുമ്പോൾ 25 റൺസ് മാത്രമായിരുന്നു ഇന്ത്യ നേടിയിരുന്നത്. 18 റണ്‍സാണ് നായകന് സ്കോർ ചെയ്യാനായത്. രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാള്‍-ഗില്‍ സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 52 പന്തില്‍ 30 റണ്‍സ് നേടിയ ജയ്‌സ്വാളിനെ വിക്കറ്റ് സ്വന്തമാക്കി അജാസ് പട്ടേലാണ് ന്യൂസിലൻഡിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.

നൈറ്റ് വാച്ച്മാനായി കളത്തിലിറങ്ങിയ മുഹമ്മദ് സിറാജ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. പിന്നാലെയെത്തിയ വിരാട് കോലി അനാവശ്യമായി റൺഔട്ടായി വിക്കറ്റ് കളഞ്ഞു കുളിക്കുകയായിരുന്നു. ആറ് പന്തില്‍ നാല് റണ്‍സായിരുന്നു താരം നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യക്ക് പരമ്പര നഷ്ടപ്പെട്ടിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് വിജയിച്ച് നാണക്കേട് ഒഴിവാക്കാമെന്ന പ്രതീക്ഷയ്ക്കാണ് ആദ്യ ദിനത്തിൽ തന്നെ തിരിച്ചടി നേരിട്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top