കിവികൾക്ക് മുന്നിൽ നാണംകെട്ട് സംപൂജ്യരായി ഇന്ത്യ; പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്

ന്യൂസിലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തത്തേയും ടെസ്റ്റിലും ഇന്ത്യക്ക് തോൽവി. 25 റൺസിനാണ് കിവീസിൻ്റെ വിജയം. രണ്ടാം ഇന്നിംഗ്സിൽ 147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 121 റൺസ് നേടാൻ മാത്രമേ കഴിഞ്ഞുള്ളു. ആറു വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നര്‍ അജാസ് പട്ടേലാണ് ഇന്ത്യയെ തകർത്തത്.
ഗ്ലെൻ ഫിലിപ്സ് മൂന്ന് വിക്കറ്റും മാത്യു ജെയിംസ് ഹെൻറി ഒരു വിക്കറ്റും നേടി. 64 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. വാഷിംഗ്ടൺ സുന്ദർ (12), ക്യാപ്റ്റൻ രോഹിത് ശർമ (11) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.ഒന്നാം ഇന്നിംഗ്സിൽ ലീഡ് സ്വന്തമാക്കിയ ശേഷമായിരുന്നു ഇന്ത്യയുടെ തകർച്ച.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 235 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 263 റൺസ് നേടി 28 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ 174 റൺസിന് കിവികളെ ഒതുക്കാൻ ഇന്ത്യക്കായി. നാല് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് ന്യൂസിലൻഡിനെ എറിഞ്ഞിട്ടത്. വിജയപ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര അജാസിൻ്റെ ബോളിംഗിന് മുന്നിൽ തകർന്നടിയുക ആയിരുന്നു. രണ്ട് ഇന്നിംഗ്സുകളിലുമായി പത്ത് വിക്കറ്റാണ് ഇന്ത്യക്കായി സ്പിന്നര്‍ ജഡേജ സ്വന്തമാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here