കണക്ക് തീര്‍ക്കാന്‍ ഇന്ത്യ; സെമിയില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ കിവീസ്

മൂബൈ : ലോകകപ്പ് സെമി പോരാട്ടത്തിന് നാളെ തുടക്കം. ആതിഥേയരായ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യസെമി. മുബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ കളിയും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം. 5 വിജയവും 4 പരാജയവുമായി നാലാം സ്ഥാനക്കാരായാണ് കിവീസ് സെമിയിലെത്തിയത്.

ബാറ്റര്‍മാരും ബോളേഴ്‌സും അപാരഫോമില്‍

ടീം ഇന്ത്യയ്ക്ക് ഏറ്റവും വലിയ ആത്മവിശ്വാസം ബാറ്റര്‍മാരുടേയും ബൗളര്‍മാരുടേയും ഫോം തന്നെയാണ്. നായകന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ തുടങ്ങിയ മുന്‍ നിര ബാറ്റര്‍മാരെല്ലാം മികച്ച ഫോമിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാവരുടേയും ബാറ്റില്‍ നിന്ന് അനായാസം റണ്‍ ഒഴുകിയിട്ടുണ്ട്. ബൗളര്‍മാരും എല്ലാ മത്സരങ്ങളിലും മികവാര്‍ന്ന പ്രകടനമാണ് പുറത്തെടുത്ത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംമ്ര തുടങ്ങിയവരുടെ ഭാഗത്തു നിന്നും മികച്ച പ്രകടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്പിന്നര്‍മാരില്‍ രവീന്ദ്ര ജഡേജ മിന്നുന്ന ഫോമില്‍ തന്നെയാണ്. കുല്‍ദീപ് യാദവും ആവശ്യമായ സമയത്ത് ബ്രേക്ക് ത്രൂ നല്‍കുന്നുണ്ട്. ഫീല്‍ഡിങ്ങിലും ലോകകപ്പിലെ തന്നെ മികച്ച ടീമാണ് ഇന്ത്യ.

രചിന്‍ രവീന്ദ്ര ന്യൂസിലന്‍ഡിന്റെ കരുത്ത്

രചിന്‍ രവീന്ദ്രയുടെ ഓള്‍റൗണ്ട് മികവാണ് ന്യൂസിലന്‍ഡിന് കരുത്ത് പകരുന്ന പ്രധാന ഘടകം. ഈ ലോകകപ്പില്‍ ബാറ്റ് കൊണ്ടും ബോളു കൊണ്ടും തന്റെ ആദ്യ ലോകകപ്പ് രവീന്ദ്ര അനുസ്മരണീയമാക്കിയിട്ടുണ്ട്. ഡിവോണ്‍ കോണ്‍വേയ് മികവോടെ ദീര്‍ഘമായ ഇന്നിംഗ്‌സ് കളിക്കാന്‍ പ്രാപ്തനാണ്.എന്നാല്‍ ഓന്നോ രണ്ടോ മത്സരങ്ങളില്‍ മാത്രമേ ഈ മികവ് ഇതുവരെ പ്രകടമായിട്ടുളളൂ. പരുക്കില്‍ നിന്ന് മുക്തനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മടങ്ങിയെത്തിയത് കീവികളുടെ ബാറ്റിങ്ങിന് കരുത്ത് പകരുന്നുണ്ട്. ഗ്ലെന്‍ ഫിലിപ്പ്, ടോം ലാഥം എന്നിവരും മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിക്കാന്‍ പ്രാപ്തരാണ്. ലോകത്തെ തന്നെ മികച്ച് ഫാസ്റ്റ് ബൗളറായ ട്രന്റ് ബോള്‍ട്ടും മിച്ചല്‍ സ്റ്റാന്‍സ്‌നറുമാണ് ബോളിങ്ങ് കരുത്ത്.

2019ലെ സെമി പരാജയത്തിന് കണക്ക് തീര്‍ക്കണം

2019ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് ഏറ്റ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ കൂടിയാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. ഇഗ്ലണ്ടിലെ ഓള്‍ഡ് ട്രാന്‍ഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിനാണ് കീവിസിനോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് റോസ് ടെയ്‌ലറുടേയും കെയ്ന്‍ വില്യംസണിന്റേയും കരുത്തില്‍ 239 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറയ ഇന്ത്യയുടെ മുന്‍നിര പാടെ തകര്‍ന്നു. എന്നാല്‍ മധ്യനിരയില്‍ രവീന്ദ്ര ജഡേജയും മഹേന്ദ്രസിങ്ങ് ധോണിയും ചെറുത്തു നിന്നു. റോസ് ടെയ്‌ലറുടെ നേരിട്ടുള്ള ഏറില്‍ ധോണി റണ്‍ഔട്ടാകുന്നതു വരെ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ ധോണി പുറത്തായതോടെ ഇന്ത്യയുടെ ചെറുത്തു നില്‍പ്പും അവസാനിച്ചു. ഇതിന് പകരം വീട്ടാനുളള മികച്ച അവസരമാണ് ഇന്ത്യയ്ക്ക് നാളെ ലഭിക്കുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ ഈ ലോകകപ്പിലെ നാലില്‍ മൂന്ന് മത്സരവും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്. ബൗണ്ടറികളിലേക്കുളള നീളം കുറവാണെന്നത് ബാറ്ററര്‍മാര്‍ക്ക് അനുകൂലമാണ്. അതിനാല്‍ തന്നെ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top