നിയമം എങ്ങനെ നടപ്പാക്കണമെന്ന് ഞങ്ങള്‍ക്കറിയാം; കേജ്‌രിവാള്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ജര്‍മനിയെ കടുത്ത ഭാഷയില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ

ഡല്‍ഹി : അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റില്‍ അഭിപ്രായം പറഞ്ഞ ജര്‍മനിയെ കടുത്ത ഭാഷയില്‍ പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ജര്‍മനി ഇടപെടേണ്ടന്നും നിയമം എങ്ങനെ നടപ്പാക്കണമെന്ന് നന്നായി അറിയാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജര്‍മന്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടറെ നേരിട്ട് വിളിച്ചുവരുത്തിയാണ് കടുത്ത പ്രതിഷേധം അറിയിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിലായതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന ഇറക്കിയത്. കേജ്‌രിവാളിന് നീതി നിഷേധിക്കപ്പെടരുതെന്നും ജുഡീഷ്യറിയുടെ നീതിപൂര്‍വകമായ ഇടപെടല്‍ അവശ്യമാണെന്നും ജര്‍മനി വ്യക്തമാക്കിയിരുന്നു. ‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നീതിന്യായവ്യവസ്ഥകളും ജനാധിപത്യ രീതികളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. കേജ്‌രിവാളിനെ പോലൊരാള്‍ നേരിടുന്ന ആരോപണങ്ങള്‍ക്ക് സുതാര്യമായ വിചാരണ ലഭ്യമാക്കണം. അദ്ദേഹം നിരപരാധിയാണെങ്കില്‍ നിയമത്തിന്റെ എല്ലാ വശങ്ങളും പരിമിതി കൂടാതെ ഉപയോഗിക്കാന്‍ കഴിയണം’ ജര്‍മന്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here