കേജ്‌രിവാളിൻ്റെ അറസ്റ്റ് ഇൻഡ്യ സഖ്യത്തിന്റെ ഐക്യത്തിന് ഊർജ്ജം; 28 പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് ഡൽഹിയിൽ റാലി; സുനിതയും കൽപ്പനയും വേദിയിൽ

ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇൻഡ്യ സഖ്യത്തിന്റെ ഐക്യത്തിന് ഊർജമായി അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്റ്റ്. കേന്ദ്ര ഏജൻസികളുടെ പ്രതിപക്ഷ പാർട്ടികൾക്കെതിരായ വേട്ടയാടലിൽ പ്രതിഷേധിച്ച് ഇന്ന് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ മഹാറാലി നടന്നു. 28 പ്രതിപക്ഷ പാർട്ടികളാണ് ഇന്നത്തെ റാലിയിൽ പങ്കെടുത്തത്. വിവിധ പാർട്ടികളിലെ പ്രധാന നേതാക്കളെല്ലാം രാംലീല മൈതാനത്ത് എത്തി. ഇന്ത്യ സഖ്യവുമായി അകന്നു നിൽക്കുകയാണെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധിയും ഇന്നത്തെ റാലിയിൽ പങ്കെടുത്തു.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരത് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളെല്ലാം റാലിയിൽ പങ്കെടുത്തു. ഇഡി നടപടി നേരിടുന്ന ഹേമന്ത് സോറന്റെ ഭാര്യ കല്പനയും അരവിന്ദ് കേജ്‌രിവാളിൻ്റെ ഭാര്യ സുനിതയും വേദിയിലുണ്ടായിരുന്നു. കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചായിരുന്നു പ്രസംഗം.

അരവിന്ദ് കേജ്‌രിവാളിൻ്റെ സന്ദേശം റാലിയിൽ ഭാര്യ സുനിത വായിച്ചു. ‘ താന്‍ ജയിലിലിരുന്ന് വോട്ട് അഭ്യര്‍ഥിക്കുകയല്ല. പുതിയ ഒരു ഭാരതം നിര്‍മിക്കണം. നമ്മുടെ രാജ്യത്ത് എല്ലാമുണ്ട്. എന്നിട്ടും വിദ്യാഭ്യാസ, ആരോഗ്യ, രംഗങ്ങളില്‍ നമ്മള്‍ ഏറെ പിറകിലാണ്. താന്‍ ഇപ്പോള്‍ ജയിലിലായതിനാല്‍ ചിന്തിക്കാന്‍ ധാരാളം സമയമുണ്ട്. ഭാരതത്തെക്കുറിച്ചാണ് തന്റെ ചിന്തകള്‍. രാജ്യം വേദനയോടെ നിലവിളിക്കുകയാണ്’ സന്ദേശത്തിൽ പറയുന്നു. രാജ്യവ്യാപകമായി 24 മണിക്കൂര്‍ വൈദ്യുതി, പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി, എല്ലാ ഗ്രാമങ്ങളിലും സര്‍ക്കാര്‍ സ്കൂളുകള്‍, എല്ലാ ഗ്രാമങ്ങളിലും ക്ലിനിക്കുകള്‍, സ്വാമിനാഥന്‍ കമ്മിറ്റി പ്രകാരം വിളകള്‍ക്ക് താങ്ങുവില, ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി തുടങ്ങിയ എഎപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സുനിത വായിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top