‘പുറത്ത് പ്രതിഷേധം, അകത്ത് രക്ഷാപ്രവർത്തനം’; കരകയറ്റി അശ്വിനും ജഡേജയും
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്‌റ്റിൽ വൻ തകർച്ചയിൽ നിന്നും കരകയറി ഇന്ത്യ. രവീന്ദ്ര ജഡേജയും ആർ. അശ്വിനുമാണ് വൻ ബാറ്റിംഗ് തകർച്ച ഒഴിവാക്കിയത്. ബംഗ്ലാദേശിനെതിരായ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 80 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്ത് മികച്ച നിലയിലാണ്. 112 പന്തിൽ 102 റൺസുമായി അശ്വിനും 117 പന്തിൽ 86 റൺസുമായി ജഡേജയുമാണ് ക്രീസിലുള്ളത്.
144 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടപ്പെട്ട് കളി കൈവിട്ട നിലയിൽ നിന്നുമാണ് ഇരുവരും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. അശ്വിൻ്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്ന് പിറന്നത്. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് നാലു വിക്കറ്റ് വീഴ്ത്തി. ആദ്യ പത്തോവറിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകളാണ് താരം എറിഞ്ഞിട്ടത്. നഹീദ് റാണ, മെഹ്ദി ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
അതേസമയം പരമ്പരക്ക് അനുവാദം നൽകിയതിനെതിരെ കേന്ദ്രസർക്കാറിനേയും ബിസിസിഐയേയും വിമർശിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി.
ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയകളിലും ചില മാധ്യമങ്ങളിലും വാർത്തകൾ കാണുന്നു. അത് സത്യമാണെങ്കിൽ ബംഗ്ലാദേശ് പരമ്പരക്ക് ആരാണ് അനുമതി നൽകിയതെന്നാണ് ആദിത്യയുടെ ചോദ്യം. സമാന ആവശ്യവുമായി തമിഴ്നാട്ടിലെ ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു. ചെന്നൈയിലെ എം.ചിദംബരനാഥ് സ്റ്റേഡിയത്തിന് മുന്നിൽ അവർ പ്രതിഷേധവും നടത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here