ട്രംപിനെ ‘സര്‍’ വിളിച്ച് സന്തോഷിപ്പിച്ചു; ചൈനയ്ക്കും പിന്തുണ നല്‍കി ഞെട്ടിച്ചു; റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് നിസാരക്കാരനല്ല

റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി ഇക്കുറി ഡല്‍ഹിയില്‍ എത്തിയത് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (73) ആയിരുന്നു. ഇതോടെയാണ് ആരാണ് പ്രബോവോ സുബിയാന്തോ എന്ന രീതിയില്‍ ചര്‍ച്ചകള്‍ വന്നത്. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകുന്ന നാലാമത്തെ ഇന്തോനേഷ്യൻ നേതാവാണ് അദ്ദേഹം.

വ്യാഴാഴ്ച മുതല്‍ അദ്ദേഹം ഡൽഹിയിലുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള രാഷ്ട്രീയ, പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

ഉന്നത രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് ഇന്തോനേഷ്യന്‍ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം എത്തുന്നത്. പിതാവ് സുമിത്രോ ജോഹാദികുസുമോ ഇന്തോനേഷ്യയിലെ ഏറ്റവും പ്രമുഖ സാമ്പത്തിക വിദഗ്ധരിൽ ഒരാളായിരുന്നു. പ്രസിഡൻ്റുമാരായ സുകർണോയുടെയും സുഹാര്‍ത്തോയുടെ മന്ത്രിസഭകളിൽ സേവനമനുഷ്ഠിച്ച ചുരുക്കം ചിലരിൽ ഒരാളായിരുന്നു അദ്ദേഹം.

പഠിച്ചത് ലണ്ടനിലെ അമേരിക്കൻ സ്കൂളിലാണ്. യുഎസിലെ ചരിത്രപരമായ സൈനിക സ്കൂളുകളിലൊന്നായ ഫോർട്ട് മൂറിൽ ഉൾപ്പെടെ സൈനിക കോഴ്സുകളിൽ പങ്കെടുത്തിട്ടുണ്ട്. പ്രസിഡന്റ് ആയിരുന്ന സുഹാർത്തോയുടെ മകള്‍ സിതി ഹെദിയാതി ഹരിയാദിയെ വിവാഹം കഴിച്ചു. 1998ൽ സുഹാര്‍ത്തോ പുറത്താക്കിയ ഉടൻ ദമ്പതികൾ വേർപിരിഞ്ഞു. അവർക്ക് ഒരു മകനുണ്ട്.

1998ല്‍ സൈന്യത്തിൽ നിന്ന് പിരിച്ചുവിടപ്പെടുന്നതിന് മുമ്പ് ത്രീ സ്റ്റാർ ലെഫ്റ്റനൻ്റ് ജനറലായിരുന്ന പ്രബോവോ. പപ്പുവയിലും ഈസ്റ്റ് ടിമോറിലും വിദ്യാർത്ഥി ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടുപോയതിലും അവിടെ നടന്ന അവകാശ ലംഘനങ്ങളിലും പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടു. 2024ൽ സ്ഥാനമൊഴിഞ്ഞ പ്രസിഡൻ്റ് ജോക്കോ വിദോദോ അദ്ദേഹത്തിന് ഫോർ സ്റ്റാർ ജനറൽ പദവി നൽകിയിരുന്നു.

വിദോദോയുടെ കീഴില്‍ പ്രതിരോധ മന്ത്രിയായിരുന്ന പ്രബോവോ കഴിഞ്ഞ ജൂണിൽ സിംഗപ്പൂരിൽ നടന്ന ഷാംഗ്രി-ലാ ഡയലോഗിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ദക്ഷിണ ചൈനാ കടൽ പ്രശ്നത്തില്‍ പ്രബോവോ ചൈനയ്ക്ക് ഒപ്പമെന്ന സൂചന വന്നു. 2024 സെപ്റ്റംബറിൽ പുറപ്പെടുവിച്ച ഇന്തോനേഷ്യ-ചൈന പ്രസ്താവനയാണ് ഈ സംശയം ജനിപ്പിച്ചത്. പിന്നീട് ഇന്തോനേഷ്യ പ്രസ്താവനയില്‍ വിശദീകരണം നല്‍കി.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി പ്രബോവോ നല്ല ബന്ധം നിലനിർത്താനാണ് സാധ്യത. ട്രംപ് യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചപ്പോൾ അദ്ദേഹത്തെ ‘സർ’ എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അഭിനന്ദിച്ച ആദ്യ ലോക നേതാക്കളിൽ ഒരാളാണ് പ്രബോവോ. ട്രംപ് സന്തോഷിക്കുകയും പ്രബോവോയുടെ കഴിവുകളെ പ്രശംസിക്കുകയും ചെയ്തു. ട്രംപ് പ്രബോവോയുടെ ഇംഗ്ലീഷിനെ അഭിനന്ദിച്ചപ്പോൾ “എൻ്റെ എല്ലാ പരിശീലനവും അമേരിക്കൻ ആണ്, സർ ” എന്ന മറുപടിയാണ് പ്രബോവോ നല്‍കിയത്.

യുഎസ്-ചൈന മത്സരത്തിൽ പക്ഷം ചേരുന്നത് ഒഴിവാക്കി ഒരു ചേരിചേരാ നയമാണ് പ്രബോവോ തുടരുന്നത്.

വികസിത-വികസ്വര രാജ്യങ്ങൾ തമ്മിലുള്ള പാലമായി പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഇന്തോനേഷ്യ ഇപ്പോൾ ഔദ്യോഗികമായി ബ്രിക്‌സിൽ അംഗമാണെന്ന് പ്രബോവോ അടുത്തിടെ പ്രഖ്യാപിച്ചു.

പ്രബോവോ ഇപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു ഇമേജ് ആണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ നൃത്തച്ചുവടുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തൻ്റെ പൂച്ചയായ ബോബിക്കൊപ്പം പോസ് ചെയ്യുന്നു. കുറച്ചുകാലം ജോർദാനിൽ പ്രവാസത്തിലായിരുന്നു. ഉജ്ജ്വലനായ ഒരു ദേശീയവാദിയെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ മുൻകാല പ്രശസ്തിക്ക് തികച്ചും വിരുദ്ധമാണ് പുതിയ നീക്കങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top