ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ബന്ധം വഷളാക്കി: കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിർത്തിവച്ചു
ന്യൂഡല്‍ഹി: ഇന്ത്യാ-കാനഡ ബന്ധം വഷളായിരിക്കെ കനേഡിയൻ പൗരന്മാർക്ക് വിസ നല്‍കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. ഇനി അറിയിപ്പ് വരും വരെ വിസാ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നു എന്നാണ് അറിയിച്ചത്. ഖാലിസ്ഥാന്‍ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ വധത്തില്‍ ഇന്ത്യൻ പങ്കാളിത്തമുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം സംഘർഷം വർധിപ്പിക്കുകയും നയതന്ത്ര തർക്കത്തിന് കാരണമാവുകയും ചെയ്തിരുന്നു. നയതന്ത്രജ്ഞരെ പുറത്താക്കിയാണ് ഇരു രാജ്യങ്ങളും തിരിച്ചടിച്ചത്. ഇതിനു പിന്നാലെയാണ് കടുത്ത നടപടിയുമായി ഇന്ത്യ മുന്നോട്ടു വന്നത്.
കാനഡയിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ നടത്തുന്ന ബിഎൽഎസ് ഇന്റർനാഷണൽ കനേഡിയൻ വെബ്‌സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം പോസ്‌റ്റ് ചെയ്യുകയാണ് ചെയ്തത്. പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 സെപ്റ്റംബർ 21 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്. കോവിഡ് -19 സമയത്തിനു ശേഷം ശേഷം ഇതാദ്യമായാണ് ഇന്ത്യ വിസ താൽക്കാലികമായി നിർത്തുന്നത്.
കനേഡിയൻ പൗരന്മാർക്ക് കനേഡിയൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ജാഗ്രതാ നിർദേശം നൽകിയിരുന്നു. കശ്മീർ അടക്കമുള്ള പ്രദേശങ്ങളിലേക്ക് പോകരുത്. ഇന്ത്യയിൽ എവിടെ പോകുന്നുണ്ടെങ്കിലും അതീവ ജാഗ്രതപുലർത്തണമെന്നും നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പൗരന്മാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നൽകിയിരുന്നു.
ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേ പട്ടണത്തിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്താണ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. വിഘടനവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) പ്രധാന നേതാവായിരുന്നു അദ്ദേഹം. കൊലപാതകത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തി എസ്.എഫ്.ജെ രംഗത്ത് വന്നിരുന്നു. ഈ പ്രശ്നമാണ് പിന്നീട് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഏറ്റെടുത്തത്.
അദ്ദേഹം ഈ പ്രശ്നം ജി 20 വേദികളില്‍ അടക്കം ഉന്നയിക്കുകയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ത്യന്‍ നടപടികളും വന്നു. ഇന്ത്യാ-കാനഡ നയതന്ത്ര സംഘര്‍ഷം രൂക്ഷമാകുകയാണെന്നാണ് കാനഡക്കാര്‍ക്കുള്ള വിസ റദ്ദാക്കിയ ഇന്ത്യന്‍ നടപടി തെളിയിക്കുന്നത്. ഇന്ത്യയിലേക്ക് നല്‍കുന്ന വിസ സർവ്വീസുകൾ കാനഡയും മരവിപ്പിക്കാന്‍ സാധ്യതയുണ്ട്. കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നല്കി കാത്തിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ ഇത് ബാധിച്ചേക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here