‘ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?’ സോഷ്യലിസ്റ്റ്, സെക്യുലർ എന്നിവ അങ്ങനെ ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി

സോഷ്യലിസ്റ്റ് (socialist),മതേതരം(secular)എന്നീ പദങ്ങൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് സുപ്രീം കോടതി. രാജ്യത്തെ വിവിധ കോടതികൾ ഒന്നിലധികം വിധിന്യായങ്ങളിൽ ഇത് ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആമുഖത്തിൽ നിന്നും ഇരു വ്യവസ്ഥകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ബിജെപി നേതാവും മുൻ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമിയും പരാതിക്കാരിൽ ഉൾപ്പെടുന്നു.

ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും ജസ്റ്റിസ് പിവി സഞ്ജയ് കുമാറിൻ്റെയും ബെഞ്ചാണ് കേസുകൾ പരിഗണിച്ചത്. സോഷ്യലിസ്റ്റ്, മതേതരം എന്നീ പദങ്ങൾ ഉൾപ്പെടുത്തിയ 1976 ലെ 42-ാം ഭരണഘടനാ ഭേദഗതി പാർലമെൻ്റിൽ ഒരിക്കലും ചർച്ച ചെയ്തിട്ടില്ലെന്നായിരുന്നു ഹർജിക്കാരുടെ അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ്റെ വാദം. എന്നാൽ ഈ വാദം ജസ്റ്റ്റ്റിസ് ഖന്ന തളളി. വിഷയം ദീർഘമായി ചർച്ച ചെയ്ത ശേഷമാണ് ഭേദഗതി നടപ്പാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ വാക്കുകൾക്കും വ്യത്യസ്തമായ വ്യാഖ്യാനമുണ്ട്. ഈ രണ്ട് വാക്കുകൾക്കും അതുപോലെ തന്നെയാണ്. സോഷ്യലിസം എല്ലാവർക്കും തുല്യമായ നീതി വാഗ്ദാനം ചെയ്യുന്നു. എന്നാൽ അതിനെ അത് പാശ്ചാത്യ സങ്കൽപ്പത്തിൽ വിലയിരുത്തരുത്. അപ്പോൾ അതിന് ചില വ്യത്യസ്ത അർത്ഥതലങ്ങളും ഉണ്ടാകും. മതേതരത്വം എന്ന വാക്കും അതുപോലെ തന്നെയാണ്. നമ്മുടെ കോടതികൾ പോലും സോഷ്യലിസം, മേതേതരം എന്നീ വ്യവസ്ഥകളെ പല തവണ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥക്കാലത്താണ് ഭേദഗതി നടത്തിയതെന്ന് ഹർജിക്കാരൻ കൂടിയായ അഭിഭാഷകൻ അശ്വിനി ഉപാധ്യായ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. സുപ്രീം കോടതിയുടെ 1976ലെ സുപ്രധന വിധിയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയെ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കാതിരിക്കാനുള്ള അവകാശം രാജ്യ താൽപര്യം മുൻനിർത്തി സസ്പെൻഡ് ചെയ്യാമെന്ന വിധിയാണ് ശ്രദ്ധയിൽപ്പെടുത്തിയത്. അന്ന് അഞ്ചംഗ ബെഞ്ചിൻ്റെ വിധിന്യായത്തിൽ ജസ്റ്റിസ് എച്ച്ആർ ഖന്നയായിരുന്നു വിയോജിപ്പ് രേഖപ്പെടുത്തിയ ഏകയാളെന്നും ഉപാധ്യായ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഓർമ്മപ്പെടുത്തി. അദ്ദേഹം മാത്രമാണ് പൗരൻമാർക്ക് ഒപ്പം നിന്നത് എന്ന ഒളിയമ്പും ഉപാധ്യായ തൊടുത്തു. അതിവിടെ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്റ്റിസ് എച്ച്ആർ ഖന്നയുടെ അനന്തരവനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.

‘ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?’-അഭിഭാഷകരുടെ വാദങ്ങൾക്ക് മറുപടിയായി ജസ്റ്റിസ് ഖന്ന ചോദിച്ചു. ‘ഇന്ത്യ മതേതരമല്ലെന്ന് ഞങ്ങൾ പറയുന്നില്ല. ഈ ഭേദഗതിയെ ഞങ്ങൾ ചോദ്യം ചെയ്യുന്നു’- എന്നായിരുന്നു വിഷ്ണു ശങ്കർ ജെയിൻ്റെ പ്രതികരണം. ‘സമത്വത്തിനുള്ള അവകാശവും ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന സാഹോദര്യം എന്ന വാക്കും മൂന്നാം ഭാഗത്തിന് കീഴിലുള്ള അവകാശങ്ങളും പരിശോധിച്ചാൽ മതേതരത്വം ഭരണഘടനയുടെ കാതലായ സവിശേഷതയായി കണക്കാക്കപ്പെട്ടിരിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയുണ്ട്. മതേതരത്വത്തിന് എതിരെയുള്ള നിയമങ്ങൾ മാത്രമാണ് സുപ്രീം കോടതി റദ്ദാക്കിയത് അതിൽ സന്തോഷമുണ്ട്’’ – ജസ്റ്റിസ് ഖന്ന പറഞ്ഞു.


‘സോഷ്യലിസം’ എന്ന വ്യവസ്ഥസ്വാതന്ത്ര്യത്തെ വെട്ടിക്കുറയ്ക്കുമെന്ന് ഡോ ബിആർ അംബേദ്കർ അഭിപ്രായപ്പെട്ടതായി ജെയിൻ പറഞ്ഞു. എന്നാലത് സ്വാതന്ത്ര്യം വെട്ടിക്കുറച്ചിട്ടുണ്ടോ, അത് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ഖന്ന ചോദിച്ചു.
1949 നവംബർ 26 എന്ന തീയതിയാണ് ആമുഖത്തിൽ പരാമർശിക്കുന്നത്. എന്നാൽ അന്ന് തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തിൽ ഈ വാക്കുകൾ ഉണ്ടായിരുന്നില്ല. അതു കൊണ്ടാണ് അത് തെറ്റാണ് എന്ന് അവതരിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നത്. ഭരണഘടനയിൽ മറ്റെവിടെയെങ്കിലും ഈ വാക്കുകൾ ഉണ്ടായിരുന്നിരിക്കാം,പക്ഷേ ആമുഖത്തിൽ ഇല്ലായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

‘മതേതരത്വം’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ ഉൾപ്പെടുത്തുന്നതിന് ഇന്ത്യയിലെ ജനങ്ങൾ സമ്മതിച്ചുവെന്ന് പറയുന്നത് തെറ്റാണെന്നും ബിജെപി നേതാവ് വാദിച്ചു. ഹർജിക്കാരോട് അവരുടെ അവകാശവാദങ്ങൾ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. കേസ് നവംബർ 18 ന് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top