ആദ്യ ഓവറിലെ നാലാം പന്തില്‍ വിക്കറ്റ്; മിന്നും നേട്ടവുമായി മിന്നു, ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം

ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യില്‍ ആദ്യ മത്സരത്തില്‍ നാലാം പന്തില്‍ തന്നെ വിക്കറ്റുമായി മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി. ബംഗ്ലാദേശ് ഓപ്പണര്‍ ഷമീമ സുല്‍ത്താനയുടെ വിക്കറ്റ് സ്വന്തമാക്കിയായിരുന്നു മിന്നുവിന്റെ മിന്നും പ്രകടനം. ആദ്യ മൂന്ന് പന്തുകളിലും ബൗണ്ടറി വഴങ്ങിയതിന് ശേഷമായിരുന്നു വിക്കറ്റുമായുള്ള തിരിച്ചുവരവ്.

മിന്നുവിന്റെ പന്തില്‍ ജെമീമ റോഡ്രിഗസാണ് സുല്‍ത്താനയുടെ വിക്കറ്റ് കെെയ്യിലൊതുക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 4.4 ഓവറില്‍ 27 റണ്‍സ് ചേര്‍ത്ത സഖ്യം പൊളിച്ചാണ് മിന്നു മണി ഇന്ത്യക്കായി ആദ്യ വിക്കറ്റ് നേടിയത്. വയനാട് സ്വദേശിനിയായ മിന്നു മണി ഇടംകൈയന്‍ ബാറ്ററും സ്‌പിന്നറുമായ ഓള്‍റൗണ്ടറാണ്. ആദ്യ വനിതാ പ്രീമിയര്‍ ലീഗിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമായിരുന്നു മിന്നു.

അതേസമയം, ഒന്നാം ട്വന്റി 20യില്‍ ബംഗ്ലാ വനിതകള്‍ക്കെതിരെ ഇന്ത്യന്‍ ടീം ഏഴുവിക്കറ്റ് വിജയം നേടി. ബംഗ്ലാദേശ് ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ധസെഞ്ചുറി നേട്ടവുമായി നായിക ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഹര്‍മന്‍പ്രീത് 35 പന്തുകളില്‍ നിന്ന് 54 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി മിന്നു മണിയ്ക്ക് പുറമേ ഷഫാലി വര്‍മയും പൂജ വസ്ത്രാകറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ അടുത്ത മത്സരം ജൂലായ് 11 ന് നടക്കും. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 28 റണ്‍സെടുത്ത ഷോര്‍ണ അക്തറുടെയും 23 റണ്‍സ് നേടിയ ശോഭന മോസ്റ്റാറിയുടെയും മികവിലാണ് 114 റണ്‍സെടുത്തത്. 28 പന്തില്‍ പുറത്താവാതെ 28 റണ്‍സ് നേടിയ ഷോര്‍ന അക്‌തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top