ആവേശപ്പോരാട്ടം; കുവൈത്തിനെ തകര്‍ത്ത് സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

ആവേശം വാനോളമുയര്‍ന്ന 2023 സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിനെ തകര്‍ത്ത് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. പെനാൽറ്റി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഷൂട്ടൗട്ടിൽ കുവൈത്തിന്റെ ആറാം കിക്ക്‌ എടുത്ത ഖാലിദ്‌ എൽ ഇബ്രാഹിമിനെ തടഞ്ഞാണ്‌ ഇന്ത്യൻ ഗോൾ കീപ്പർ സന്ധു താരമായത്‌. സാഫിൽ ഇന്ത്യയുടെ ഒമ്പതാംകിരീടമാണ്‌. ഈ വർഷത്തെ മൂന്നാംകിരീടവും. 1993, 1997, 1999, 2005, 2009, 2011, 2015, 2021 വർഷങ്ങളിലാണ് ഇന്ത്യ മുൻപ് സാഫ് കപ്പ് ജേതാക്കളായത്.

ഷൂട്ടൗട്ടിൽ ഇന്ത്യക്കായി സുനിൽ ഛേത്രി, സന്ദേശ്‌ ജിങ്കൻ, ലല്ലിയൻസുവാല ചാങ്‌തെ, സുഭാശിഷ്‌ ബോസ്‌, മഹേഷ്‌ സിങ്‌ എന്നിവർ ലക്ഷ്യം കണ്ടു. നിശ്ചിത സമയത്ത് ഷബൈബ് അൽ ഖൽദി 14–ാം മിനിറ്റിൽ നേടിയ ഗോളിലൂടെ കുവൈത്താണ് ലീഡെടുത്തത്. ഇന്ത്യയ്ക്കായി മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ പാസിൽനിന്ന് ലല്ലിയൻസുവാല ചാങ്തെ 38–ാം മിനിറ്റിൽ ഗോൾ മടക്കി.

രണ്ടാം പകുതിയില്‍ ഇരുടീമുകളും ലീഡുയര്‍ത്താനായി ശ്രമിച്ചെങ്കിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. 62-ാം മിനിറ്റില്‍ ചങ്‌തെയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ദുര്‍ബലമായ ഷോട്ട് ഗോള്‍വല ചലിപ്പിച്ചില്ല. ഇരുടീമുകളിലെയും താരങ്ങള്‍ ശാരീരികപരമായി ഏറ്റുമുട്ടിയത് മത്സരത്തെ പ്രതികൂലമായി ബാധിച്ചു. കടുത്ത ഫൗളുകൾ നിറഞ്ഞു. റഫറിക്ക്‌ പലതവണ മഞ്ഞക്കാർഡ്‌ വീശേണ്ടിവന്നു. പിന്നാലെ രണ്ടാം പകുതിയും അവസാനിച്ചു. മത്സരം അധിക സമയത്തേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിലും കാര്യമായ അവസരങ്ങള്‍ പിറന്നില്ല. 119-ാം മിനിറ്റില്‍ ചങ്‌തെയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. അവസാന നിമിഷം ചാങ്തെയുടെ ഷോട്ട് ഇന്ത്യയുടെ കിരീട നേട്ടത്തിലെത്തിച്ചു.

ഭുവനേശ്വറിൽ കഴിഞ്ഞമാസം നടന്ന ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ ലബനനെ തോൽപിച്ച് കിരീടം നേടിയ ഇന്ത്യൻ സംഘത്തിന് ഇരട്ടി മധുരമാണ് ഈ വിജയം. ഫിഫ റാങ്കിങ്ങിൽ 100–ാം സ്ഥാനത്തെത്തിയ ഇന്ത്യയ്ക്ക് ഈ വിജയത്തോടെ റാങ്ക് മെച്ചപ്പെടുത്താനാകും. മാത്രമല്ല, വരാനിരിക്കുന്ന ഏഷ്യൻ കപ്പിന് ആത്മവിശ്വാസം വർധിപ്പിക്കാനും ഈ കിരീടവിജയം സഹായിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top