ഇനി എല്ലാം ബാറ്റർമാരുടെ കയ്യിൽ; രണ്ടാം ഇന്നിംഗ്സിലും തിളങ്ങി ഇന്ത്യന്‍ ബോളിംഗ് നിര

ന്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ കിവീസിന് ബാറ്റിംഗ് തകർച്ച. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ്. ഇതോടെ 143 റൺസിൻ്റെ ലീഡ് മാത്രമാണ് കിവികൾക്ക് നേടാനായത്. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനുമാണ് ന്യൂസിലൻഡിൻ്റെ ചിറകരിഞ്ഞത്.
86 ന് നാല് എന്ന നിലയിൽ ഇന്ന് ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 263 റൺസിന് ഓൾ ഔട്ട് ആയിരുന്നു. 28 റൺസിൻ്റെ ഒന്നാം ഇന്നിംഗ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ശുഭ്മൻ ഗില്ലിൻ്റെയും (145 പന്തിൽ 90) ഋഷഭ് പന്തിൻ്റെയും (59 പന്തിൽ 60) അർധസെഞ്ച്വറികളാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. ഒന്നാം ഇന്നിംഗ്സിൽ അഞ്ച് കിവീസ് വിക്കറ്റുകൾ വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറിൻ്റെ ബാറ്റിംഗ് പ്രകടനവും ഇന്ത്യക്ക് കരുത്തായി. പുറത്താകാതെ 36 പന്തിൽ 38 റൺസാണ് താരം നേടിയത്. ന്യൂസിലൻഡിനായി സ്പിന്നർ അജാസ് പട്ടേൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി.
അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ മികവിൽ ന്യൂസിലൻഡിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ 235 ൽ ഒതുക്കാൻ ഇന്ത്യക്കായിരുന്നു. വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റുകൾ വീഴ്ത്തി ജഡേജക്ക് മികച്ച പിന്തുണ നൽകി. നിലവിൽ ബാറ്റർമാരുടെ കയ്യിലാണ് ഇന്ത്യയുടെ വിജയമിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളിലും ബാറ്റർമാർ പരാജയപ്പെട്ടത് ആവർത്തിച്ചിൽ സമ്പൂർണ തോൽവിയായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് ടെസ്റ്റുകളും ന്യൂസിലൻഡ് വിജയിച്ചിരുന്നു. ഈ മത്സരം വിജയിച്ച് പരമ്പര തോൽവിയുടെ ആക്കം കുറിക്കാനാണ് മുബൈയിൽ ടീം ഇന്ത്യ കളത്തിലിറങ്ങിയത്. ആദ്യ രണ്ട് കളികളിലും തോറ്റ ഇന്ത്യക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here