രണ്ടാം ടെസ്റ്റിലും നാണംകെട്ട് ബാറ്റിംഗ് നിര; സാന്റ്നറിന്‍റെ സ്പിന്നില്‍ കറങ്ങിവീണ് ഇന്ത്യ

ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ രണ്ടാം ദിനം നാണംകെട്ട് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ കിവീസിനെ 259 റൺസിന് പുറത്താക്കി പരമ്പരയിലേക്ക് തിരിച്ചു വരുമെന്ന കണക്കുകൂട്ടൽ തെറ്റിച്ച് ഇന്ത്യൻ ബാറ്റിംഗ് നിര. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ 156 റൺസിന് പുറത്താക്കി ന്യൂസിലൻഡ് പകരം വീട്ടുകയായിരുന്നു.

46 പന്തില്‍ 38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ (60 പന്തിൽ 30), ശുഭ്മൻ ഗിൽ (72 പന്തിൽ 30) എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്. സ്പിന്നർ മിച്ചൽ സാന്റ്നറാണ് ഇന്ത്യയെ എറിഞ്ഞിട്ടതിൽ നിർണായക പങ്കു വഹിച്ചത്. ഗ്ലെൻ ഫിലിപ്സ് രണ്ടു വിക്കറ്റുകളും വീഴ്ത്തി.

രണ്ടാം ദിനം കളി നിർത്തുമ്പോൾ കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെന്ന നിലയിലാണ്. നിലവിൽ 301 റൺസ് ലീഡാണ് ന്യൂസിലൻഡിനുള്ളത്. 30 റൺസ് നേടിയ ടോം ബ്ലണ്ടൽ ഒൻപത് റൺസ് നേടിയ ഗ്ലെൻ ഫിലിപ്സ് എന്നിവരാണ് ക്രീസിൽ. ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദർ തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യക്കായി തിളങ്ങിയത്. നഷ്ടമായ അഞ്ച് കിവീസ് വിക്കറ്റുകളിൽ നാലും വീഴ്ത്തിയത് സുന്ദറാണ്. ക്യാപ്റ്റൻ ടോം ലാഥം (86), ഡെവോൺ കോൺവെ (17), വിൽ യങ് ( 23), രചിൻ രവീന്ദ്ര (9), ഡാരിൽ മിച്ചൽ (18) എന്നിവരാണ് രണ്ടാം ഇന്നിംഗ്സിൽ പുറത്തായ കിവീസ് ബാറ്റ്സ്മാൻമാർ.

ബാംഗ്ലൂരിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യ എട്ടു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. പൂനെയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വിജയം സ്വന്തമാക്കി പരമ്പരയിൽ തിരിച്ചു വരാം എന്ന മോഹങ്ങൾക്കാണ് ഇപ്പോൾ തിരിച്ചടി കിട്ടിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫെനൽ ഉറപ്പിക്കണമെങ്കിൽ ഈ ടെസ്റ്റിലും അടുത്ത ടെസ്റ്റിലും വിജയം അനിവാര്യമാണ്.

നിലവിൽ ചാമ്പ്യൻഷിപ്പിൻ്റെ പോയൻ്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. എന്നാൽ രണ്ടാം ടെസ്റ്റിൽ പരാജയപ്പെട്ടാൽ പരമ്പര നഷ്ടത്തിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെയും നില പരുങ്ങലിലാകും. ഈ പരമ്പര കഴിഞ്ഞാൽ ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. അഞ്ച് മത്സരങ്ങൾ അടങ്ങിയ ഈ പരമ്പയും ഇതോടെ ഇന്ത്യക്ക് കൂടുതൽ നിർണായകമായി മാറും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top