ടി20 ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് കണ്ണീര്‍ മടക്കം

ബാര്‍ബഡോസിനെ ഇന്ത്യ മറക്കില്ല. സിരകളെ ത്രസിപ്പിച്ച മത്സരത്തില്‍ ടി20 ലോകകപ്പ് കിരീടം ഇന്ത്യ രണ്ടാം തവണയും എടുത്തുയര്‍ത്തിയത് ഇവിടെ വച്ചാണ്. ആദ്യ ലോകകപ്പ് ഫൈനലില്‍ കിരീടം മോഹിച്ചെത്തിയ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രത്തിനും സംഘവുമാണ് കണ്ണീരോടെ മടങ്ങിയത്. ടി20 ഫൈനലില്‍ ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബുംറയും അര്‍ഷ്ദീപും രണ്ട് വീതം വിക്കറ്റെടുത്തു.

മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ ക്യാച്ചില്‍ മില്ലറിനെ പുറത്താക്കിയതോടെയാണ് ഇന്ത്യ മത്സരം തിരികെ പിടിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കംതന്നെ പതറി. ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കേ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ബൗള്‍ഡാക്കി. പിന്നാലെ നായകന്‍ എയ്ഡന്‍ മാര്‍ക്രവും മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ മാര്‍ക്രത്തെ വിക്കറ്റ് കീപ്പര്‍ പന്ത് കൈയ്യിലൊതുക്കി. ദക്ഷിണാഫ്രിക്ക 12-2 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡി കോക്കും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ദക്ഷിണാഫ്രിക്കയുടെ നില ഭദ്രമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ 70 ല്‍ നില്‍ക്കേ ഈ കൂട്ടുകെട്ട് പൊളിച്ച് അക്ഷര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. 21 പന്തില്‍ നിന്ന് 31 റണ്‍സെടുത്താണ് സ്റ്റബ്‌സ് മടങ്ങിയത്. പിന്നാലെ ഹെന്റിച്ച് ക്ലാസനിറങ്ങി. ക്ലാസനുമായി ചേര്‍ന്നാണ് ഡി കോക്ക് പിന്നീട് ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. പത്തോവറില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലായിരുന്നു. സ്‌കോര്‍ 12-ാം ഓവറില്‍ നൂറുകടന്നു. എന്നാല്‍ ഡി കോക്കിനെ പുറത്താക്കി ഇന്ത്യയ്ക്ക് നിര്‍ണായകമായ ബ്രേക്ക്ത്രൂ നല്‍കാന്‍ അര്‍ഷ്ദീപിനായി. 31 പന്തില്‍ നിന്ന് 39 റണ്‍സാണ് ഡി കോക്ക് എടുത്തത്.

ക്ലാസനും മില്ലറും അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ ആശങ്കയിലായി. വെടിക്കെട്ടോടെ ഇരുവരും ചേര്‍ന്ന് 15 ഓവറില്‍ ടീമിനെ 147ലെത്തിച്ചു. 17-ാം ഓവറില്‍ ക്ലാസനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. 27 പന്തില്‍ നിന്ന് 52 റണ്‍സെടുത്താണ് താരം മടങ്ങിയത്. മൂന്നോവറില്‍ 22 റണ്‍സായി ലക്ഷ്യം. അടുത്ത ഓവറില്‍ ബുംറ യാന്‍സന്റെ വിക്കറ്റെടുത്തു. പിന്നാലെ രണ്ടോവറില്‍ 20 റണ്‍സ് ലക്ഷ്യം. അര്‍ഷ്ദീപിന്റെ ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. അതോടെ അവസാന ഓവറില്‍ 16 റണ്‍സ് ലക്ഷ്യം. ഹാര്‍ദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ മില്ലര്‍ മടങ്ങി. സൂര്യകുമാറിന്റെ സൂപ്പര്‍ ക്യാച്ചില്‍ കളി മാറി. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടവുമായി മടക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top