സംഭവിച്ചത് എന്തെന്ന് മനസിലാവാതെ ബംഗ്ലാദേശ്; മഴയേയും തോല്‍പ്പിച്ച് ഇന്ത്യ

രണ്ടര ദിവസം മാത്രം കളി നടന്ന കാൺപൂർ ടെസ്റ്റിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. ഏറെക്കുറെ സമനിലയിലാകും എന്ന് കരുതിയ കളിയാണ് ഇന്ത്യ സ്വന്തം വരുതിലാക്കിയത്. ഏഴ് വിക്കറ്റിൻ്റെ വിജയത്തോടെ 2-0ന് പരമ്പരയും തൂത്തുവാരി. രണ്ടാം ഇന്നിംഗ്സിൽ 95 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ഉയർത്തിയത്. 17.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അത് മറികടന്നു.
യശസ്വി ജയ്‌സ്വാള്‍ (51), നായകന്‍ രോഹിത് ശര്‍മ (8), ശുഭ്മന്‍ ഗില്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. പുറത്താകാതെ വിരാട് കോഹ്ലിയും (29) റിഷഭ് പന്തും (4) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. മഴ കാരണം രണ്ടു ദിനം ഒരു പന്തു പോലും എറിയാന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാം ഇന്നിങ്ങ്‌സില്‍ ബംഗ്ലാദേശ് 233 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 285 റൺസിന് ആദ്യ ഡിക്ലയര്‍ ചെയ്തിരുന്നു.
രണ്ടാം ഇന്നിങ്‌സിൽ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാ കടുവകളെ 146 റൺസ് നേടുന്നതിനിടയിൽ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഏകദിന ശൈലിയിൽ ഇന്ത്യ നടത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് മത്സരത്തിൽ നിർണായകമായത്. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശിൻ്റെ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ എന്നിവരുടെ ബോളിംഗ് ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. ചെന്നൈയിൽ നടന്ന ഒന്നാം ടെസ്റ്റിൽ 280 റൺസിൻ്റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്.
സ്‌കോര്‍: ബംഗ്ലാദേശ് 233, 146- ഇന്ത്യ 285/9, 98/3

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here